---
title: "ആലുവ പാലത്തിൽ നിന്ന്  മക്കളെ പുഴയിലെറിഞ്ഞ് കൂടെ ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി: മൂവരെയും തിരിച്ചറിഞ്ഞു "
english_title: "The body of the father who jumped with his children in the river was also found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47179/the-body-of-the-father-who-jumped-with-his-children-in-the-river-was-also-found"
published_at: "2022-06-04T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b6dad38efb_n392516462165435318698461529fe45b01d50375eec989b3fd1f057ef818fc7dbe79e6e12cfd6b75340b0f.jpg"
keywords: []
---

# ആലുവ പാലത്തിൽ നിന്ന്  മക്കളെ പുഴയിലെറിഞ്ഞ് കൂടെ ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി: മൂവരെയും തിരിച്ചറിഞ്ഞു 

> **Lead Summary:** **ആലുവ: **ആലുവ മണപ്പുറം മേല്‍പാലത്തില്‍ നിന്ന് മക്കളെ എറിഞ്ഞ് പെരിയാറിലേക്ക് ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി.

## Article Content

**ആലുവ: **ആലുവ മണപ്പുറം മേല്‍പാലത്തില്‍ നിന്ന് മക്കളെ എറിഞ്ഞ് പെരിയാറിലേക്ക് ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി.

പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് ഇതെന്ന് തിരിച്ചറിഞ്ഞു. നേരത്തെ ഇയാളുടെ മക്കളെ രക്ഷിച്ചിരുന്നെങ്കിലും ഇവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

ഇവരില്‍ നിന്ന് കിട്ടിയ ഫോണില്‍ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തില്‍ സംഭവം കണ്ടവര്‍ ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലും ആണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച്‌ മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47179/the-body-of-the-father-who-jumped-with-his-children-in-the-river-was-also-found)