---
title: "തപാല്‍ വിതരണം സ്വകാര്യമേഖലയിലേക്ക്‌; ആര്‍എംഎസ്‌ പൂട്ടുന്നു"
english_title: "Postal is distrubuted in privacy sector;RMS is to be closed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47423/postal-is-distrubuted-in-privacy-sectorrms-is-to-be-closed"
published_at: "2022-06-06T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d987b9a499_indiapost-1591694505-1629723744-1635327780.jpg"
keywords: []
---

# തപാല്‍ വിതരണം സ്വകാര്യമേഖലയിലേക്ക്‌; ആര്‍എംഎസ്‌ പൂട്ടുന്നു

> **Lead Summary:**  തിരുവനന്തപുരം: തപാൽ വിതരണത്തിന്‌ ഉപയോഗിക്കുന്ന റെയിൽവേ മെയിൽ സർവീസും (ആർഎംഎസ്‌) കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നു. ട്രെയിനുകളിലെ ആർഎംഎസ്‌ സെക്ഷനുകൾ നിർത്താൻ നടപടി ആരംഭിച്ചു. ആദ്യ പടിയായി തിരുവനന്തപുരം -മംഗളൂരു -തിരുവനന്തപുരം എക്‌സ്‌പ്രസിലെ സെക്ഷൻ നിർത്തലാക്കി.

## Article Content

 തിരുവനന്തപുരം: തപാൽ വിതരണത്തിന്‌ ഉപയോഗിക്കുന്ന റെയിൽവേ മെയിൽ സർവീസും (ആർഎംഎസ്‌) കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നു. ട്രെയിനുകളിലെ ആർഎംഎസ്‌ സെക്ഷനുകൾ നിർത്താൻ നടപടി ആരംഭിച്ചു. ആദ്യ പടിയായി തിരുവനന്തപുരം -മംഗളൂരു -തിരുവനന്തപുരം എക്‌സ്‌പ്രസിലെ സെക്ഷൻ നിർത്തലാക്കി.

മലബാർ എക്‌സ്‌പ്രസിലെ സെക്ഷൻ ഉടൻ നിർത്തും. ട്രെയിനിലൂടെയുള്ള തപാൽ ഉരുപ്പടികളുടെ നീക്കം പൂർണമായും റോഡ്‌ മുഖാന്തരമാക്കാനാണ്‌ തീരുമാനം. ഇതിനായി ‘റോഡ്‌ ട്രാൻസ്‌പോർട്ട്‌ നെറ്റ്‌വർക്ക്‌’ (ആർടിഎൻ) രൂപീകരിച്ചു.

ആർടിഎൻ വഴി സ്വകാര്യ ഏജൻസികളാണ്‌ വിതരണം നടത്തുക. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണിത്‌. ആർടിഎൻ നടപ്പാക്കാനായി ‘കരട് ഗതാഗത നയരേഖ’യും തപാൽ ഡയറക്ടറേറ്റ്‌ പുറത്തിറക്കി. 2022 അവസാനമോ 2023 ആദ്യമോ പൂർണമായും റോഡ്‌ മാർഗമാക്കും. ലോക്‌ഡൗണിൽ ട്രെയിൻ ഗതാഗതം നിലച്ച ഘട്ടത്തിലാണ്‌ റോഡ്‌ മാർഗം മെയിൽ സർവീസ്‌ നടത്തിയത്‌. ട്രെയിൻ പൂർണമായി പുനഃസ്ഥാപിച്ചിട്ടും അത്‌ അവസാനിപ്പിച്ചില്ല.

എറണാകുളം ആർഎംഎസ്‌ ഡിവിഷനിലെ എല്ലാ പാർസൽ ബാഗുകളും ഇനി റോഡ്‌ മാർഗംമാത്രം അയച്ചാൽ മതിയെന്ന്‌ ഡിവിഷൻ സൂപ്രണ്ട്‌ മെയിൽ റൂട്ടിങ്‌ ഓഡർ ഇറക്കിയിട്ടുണ്ട്‌. ഇതിനു പിന്നാലെ മെയ്‌ 16ന്‌ മംഗലാപുരം എക്‌പ്രസിലെ സെക്ഷൻ നിർത്തി. മലബാർ എക്‌സ്‌പ്രസിൽകൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനത്തെ പാർസൽ വിതരണത്തിന്റെ കാര്യക്ഷമത ഇല്ലാതാകുമെന്ന്‌ ആൾ ഇന്ത്യ ആർഎംഎസ്‌ ആൻഡ്‌ എംഎംഎസ്‌ എംപ്ലോയീസ്‌ യൂണിയൻ ഗ്രൂപ്പ്‌ സി സർക്കിൾ സെക്രട്ടറി ജെ നൈസാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47423/postal-is-distrubuted-in-privacy-sectorrms-is-to-be-closed)