---
title: "സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യരുത്: മുഖ്യമന്ത്രി"
english_title: "Service denied law "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47454/service-denied-law"
published_at: "2022-06-06T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629daeb197b8a_IMG-20220606-WA0020.jpg"
keywords: []
---

# സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യരുത്: മുഖ്യമന്ത്രി

> **Lead Summary:**  സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫിസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഉദ്യോഗസ്ഥർക്ക് പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം.

## Article Content

 സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫിസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഉദ്യോഗസ്ഥർക്ക് പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം.

ആളുകളെ പ്രയാസം അനുഭവിപ്പിക്കാനാണോ ഒരു ഓഫീസ് പ്രവർത്തിക്കേണ്ടത് എന്ന് ഉദ്യോഗസ്ഥർ ചിന്തിക്കണം. താഴെ തലം മുതൽ ഉയർന്ന തലം വരെ ഏത് ഉദ്യോഗസ്ഥനായാലും സേവനം നൽകുകയാണ് കടമ.നിഷേധ നിലപാടുകൾ അംഗീകരിക്കില്ല. കെട്ടി കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. ചില ഉദ്യോഗസ്ഥർ ബോധപൂർവ്വമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്.

ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചില ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യറാവാതെ വലിയ മോഹത്തോടെ നടന്നാൽ ഉള്ളതും പോകുന്ന സ്ഥിതിയുണ്ടാവും. അക്കാര്യം ഓർമ്മ വേണം. ജനങ്ങളെ സഹായിക്കുകയാണ് ഉദ്ദ്യോഗസ്ഥരുടെ കടമ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മേഖലകളും കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു സേവനത്തിനും സർക്കാർ ഓഫീസുകളിൽ എത്തിയാൽ കാലതാമസം ഉണ്ടാകരുത്.

സാധാരണ ഇത് ഉണ്ടാക്കുന്നു എന്നത് പരിഗണിച്ചാണ് അതിവേഗതയിൽ കാര്യങ്ങൾ തീർപ്പാക്കുന്നതിന് സർക്കാർ ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജനങ്ങൾക്ക് എളുപ്പം കാര്യം നടക്കാൻ 805 സേവനങ്ങളാണ് ഓൺ ലൈനാക്കിയത്. മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമയബന്ധിതമായി തീർപ്പാക്കും. വകുപ്പ് സെക്രട്ടറിമാരുടെ ചുമതലയിലാവുമിത്. ജില്ലകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം അതാത് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പരിശോധിക്കും.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തീർപ്പാക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടന്ന പരിപാടിയിൽ ഡോ വി ശിവദാസൻ എം പി അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജിഷകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ട് നിലകളിലായി ഒരുക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചി മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ , ബൈജു നങ്ങാരത്ത്, വാർഡ് അംഗങ്ങളായ കെ കെ ശശീന്ദ്രൻ, അഭിലാഷ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47454/service-denied-law)