---
title: "കൊല്ലത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു"
english_title: "Wildboar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47531/wildboar"
published_at: "2022-06-06T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629df8e3ce693_Screenshot_20220606-182311.png"
keywords: []
---

# കൊല്ലത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

> **Lead Summary:** **കൊല്ലം‌: **കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഉപയോഗശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഉത്തരവിനെ തുടർന്ന് വെടിവെച്ചു കൊന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വട്ടപ്പാട് സ്വദേശിയായ ബെന്നി തോമസിന്‍റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് കാട്ടുപന്നി വീണത്. കൊട്ടാരക്കരയിൽ നിന്നും ആളെ എത്തിച്ചാണ് പഞ്ചായത്ത് പന്നിയെ വെടിവെച്ചത്.

## Article Content

**കൊല്ലം‌: **കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഉപയോഗശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഉത്തരവിനെ തുടർന്ന് വെടിവെച്ചു കൊന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വട്ടപ്പാട് സ്വദേശിയായ ബെന്നി തോമസിന്‍റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് കാട്ടുപന്നി വീണത്. കൊട്ടാരക്കരയിൽ നിന്നും ആളെ എത്തിച്ചാണ് പഞ്ചായത്ത് പന്നിയെ വെടിവെച്ചത്.

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്‍ലൈഫ് വാർ‍ഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവ്സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം.

ഉത്തരവ് വന്നതിന് പിന്നാലെ കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലാണ് ആദ്യം കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. ഞാളിയത്ത് യോഹന്നാന്‍റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്.

അതേസമയം കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം നപടിയെടുക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47531/wildboar)