---
title: "പള്ളുരുത്തിയിലെ പ്രതികാര കൊലപാതകം: പ്രതി ജയൻ കുറ്റം സമ്മതിച്ചു, റിമാൻഡ് ചെയ്ത് കോടതി"
english_title: "Remanded by the court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47562/remanded-by-the-court"
published_at: "2022-06-06T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e242dc5e0b_Screenshot_20220606-212755.png"
keywords: []
---

# പള്ളുരുത്തിയിലെ പ്രതികാര കൊലപാതകം: പ്രതി ജയൻ കുറ്റം സമ്മതിച്ചു, റിമാൻഡ് ചെയ്ത് കോടതി

> **Lead Summary:** **കൊച്ചി**: പള്ളുരുത്തിയിൽ 61കാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ ജയനെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ജയൻ മാത്രമാണ് പ്രതി. മറ്റാര്‍ക്കും കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കിലെന്നും പൊലീസ് വ്യക്തമാക്കി.

## Article Content

**കൊച്ചി**: പള്ളുരുത്തിയിൽ 61കാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ ജയനെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ജയൻ മാത്രമാണ് പ്രതി. മറ്റാര്‍ക്കും കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കിലെന്നും പൊലീസ് വ്യക്തമാക്കി.

പള്ളുരുത്തി വ്യാസപുരം കോളനിയിൽ സരസ്വതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാട്ടുകാരനായ ജയനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ട് തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ ജയനെ പൊലീസ് ഹാജരാക്കി. പതിനാല് ദിവസത്തേക്ക് ജയനെ കോടതി റിമാൻഡ് ചെയ്തു.

ചോദ്യം ചെയ്യല്ലിൽ ജയൻ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ മദ്യലഹരിയിലാണ് ജയനെ പൊലീസ് പിടികൂടിയത്. അതിനാൽ കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്നും ശേഖരിക്കാൻ സാധിച്ചില്ല. ഇന്ന് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജയൻ പൊലീസിനോട് പറഞ്ഞു.

2014ൽ തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മധുവിന്  രക്ഷിതാക്കളായ ധർമ്മരാജനും സരസ്വതിയും ഇപ്പോഴും നിയമസഹായം നൽകുന്നതിൽ ജയന്  വൈരാഗ്യമുണ്ടായിരുന്നു. മുമ്പ് ഒരു തവണ ഭീഷണിപ്പെടുത്തിയിട്ടും മധുവിന്‍റെ മാതാപിതാക്കൾ മകനെ സഹായിക്കുന്നതിൽ നിന്നും പിന്നോട്ട് പോയില്ല.

ഒടുവിൽ നാല് ലക്ഷത്തോളം രൂപ മുടക്കി കേസിൽ മധു മേൽക്കോടതിയെ സമീപിച്ചുവെന്ന് അറിഞ്ഞതോടെയാണ്  ജയൻ  പ്രകോപിതനായത് എന്നാണ് പൊലീസ് പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ല ഇതെന്നാണ്ജയൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ച ശേഷം പെട്ടെന്നുണ്ടായ വികാരത്തിലാണ് കൃത്യം ചെയ്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ ജയനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാഹ്യഇടപെടൽ ഇല്ലെന്ന് വ്യക്തമാക്കുകയും കൊലയ്ക്ക് പിന്നിൽ മദ്യപിച്ച ശേഷമുണ്ടായ പ്രതികാരബുദ്ധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്.

അതേസമയം ജയന്‍റെ ആക്രമണത്തിൽ പരിക്കേറ്റ മധുവിന്‍റെ അച്ഛൻ ധർമ്മരാജൻ ആലപ്പുഴ മെഡിക്കൽ കൊളേജിൽ ഇപ്പോഴും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47562/remanded-by-the-court)