---
title: "രാഷ്ട്രീയ അഴിമതിയിലെ തരംതാണ അധ്യായം, സ്വർണകഷ്ണങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ സുരക്ഷ അടിയറവച്ചു: കേന്ദ്രമന്ത്രി "
english_title: "Rajeev Chandrasekhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47951/rajeev-chandrasekhar"
published_at: "2022-06-09T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1361c31b00_Screenshot_20220609-052052.png"
keywords: []
---

# രാഷ്ട്രീയ അഴിമതിയിലെ തരംതാണ അധ്യായം, സ്വർണകഷ്ണങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ സുരക്ഷ അടിയറവച്ചു: കേന്ദ്രമന്ത്രി 

> **Lead Summary:** **ദില്ലി**: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്.

## Article Content

**ദില്ലി**: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്.

രാഷ്ട്രീയഅഴിമതിയിലെ പുതിയ, തരം താണ അധ്യായമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിലൂടെ പുറത്തുവന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏതാനും ചില സ്വർണകഷ്ണങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ സുരക്ഷയെ അടിയറവച്ചുവെന്നും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ വിമർശിച്ചു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന്  സുരേന്ദ്രൻ പറഞ്ഞു. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിന്‍റെ തുടർച്ചയാണെന്നും കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം.

ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം. കേസ് അട്ടിമറിക്കാൻ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പിറ്റേ ദിവസം പ്രതിയെ വിജിലൻസ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47951/rajeev-chandrasekhar)