---
title: "ഏഷ്യന്‍ കപ്പ് യോഗ്യത: ഛേത്രിയുടെ ഡബിളില്‍ കംബോഡിയയെ വീഴ്ത്തി ഇന്ത്യ"
english_title: "India defeats Cambodia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47953/india-defeats-cambodia"
published_at: "2022-06-09T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a13de77a221_Screenshot_20220609-055412.png"
keywords: []
---

# ഏഷ്യന്‍ കപ്പ് യോഗ്യത: ഛേത്രിയുടെ ഡബിളില്‍ കംബോഡിയയെ വീഴ്ത്തി ഇന്ത്യ

> **Lead Summary:** **കൊല്‍ക്കത്ത: **2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ആദ്യ പോരാട്ടത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ഇന്ത്യ വിജയത്തുടക്കമിട്ടു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുട രണ്ട് ഗോളുകളും നേടിയത്.

## Article Content

**കൊല്‍ക്കത്ത: **2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ആദ്യ പോരാട്ടത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ഇന്ത്യ വിജയത്തുടക്കമിട്ടു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുട രണ്ട് ഗോളുകളും നേടിയത്.

13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും 59ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ഛേത്രി ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചത്. ആദ്യ പകുതിയില്‍ ലിസ്റ്റണ്‍ കൊളോക്കോയെ ബോക്സില്‍ വീഴ്ത്തിയതിനാണ് ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ആക്രമണം തുടങ്ങി. ലിസ്റ്റണ്‍ കൊളോക്കോയും റോഷന്‍ സിംഗും ആദ്യ രണ്ട് മിനിറ്റില്‍ തന്നെ കംബോഡിയന്‍ പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചു.  മൂന്നാം മിനിറ്റില്‍ കംബോഡിയയുടെ ചാന്‍പോലിനെ ബോക്സിന് പുറത്ത് സന്ദേശ് ജിങ്കാന്‍ വീഴ്ത്തിയതിന് ഫ്രീ ക്രിക്ക് ലഭിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് അത് മുതലാക്കാനായില്ല. പതിമൂന്നാം മിനിറ്റിലാണ് കൊളോക്കോയെ ബോക്സില്‍  വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്.

കിക്കെടുത്ത ക്യാപ്റ്റന്‍ ഛേത്രി പിഴവുകളേതുമില്ലാതെ പന്ത് വലയിലാക്കി ഇന്ത്യയെ മുന്നിലെത്തിച്ചു. ലീഡെടുത്തതോടെ തുടര്‍ച്ചയായ ആക്രമണങ്ങളുമായി ഇന്ത്യ കളം നിറഞ്ഞെങ്കിലും രണ്ടാം ഗോള്‍ മാത്രം പിറന്നില്ല. 22-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ഛേത്രിത്ത് സുവര്‍ണാവസരം ലഭിച്ചെങ്കിലും നഷ്ടമായി. പാസിംഗിലും പന്ത് കൈവശംവെക്കുന്നതിലും ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ ഉദാന്ത സിംഗിന് പകരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളത്തിലിറങ്ങി. രണ്ടാം പകുതിയിലും തുടര്‍ച്ചയായി ഇന്ത്യന്‍ ആക്രമണങ്ങളായിരുന്നു കണ്ടത്. 59-ാം മിനിറ്റില്‍ ഇടതുവിംഗില്‍ നിന്ന് ബ്രാണ്ടന്‍ നല്‍കിയ മനോഹര പാസില്‍ ഹെഡ്ഡറിലൂടെ ഛേത്രി ലീഡുയര്‍ത്തി. 68ാം മിനിറ്റില്‍ സുനില്‍ ഛേത്രിക്കും ബ്രാണ്ടനും പകരം ഗ്ലാന്‍ മാര്‍ട്ടിന്‍സിനെയും മലയാളി താരം ആഷിഖ് കുരുണിയനെയും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് കളത്തിലിറക്കി.

ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി ഇന്ത്യയടക്കം 24 ടീമുകളാണ് പൊരുതുന്നത്. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അ‍ഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. കംബോഡിയക്ക് പുറമെ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയും പതിനാലിന് ഹോങ്കോംഗിനെയും ഇന്ത്യ നേരിടും.

കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ കീഴില്‍ കളിച്ച 20 മത്സരങ്ങളിൽ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഏഴ് സമനിലയും ഏഴ് തോൽവിയുമാണ് സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടിയത്. സ്റ്റിമാച്ചിന് കീഴില്‍ അവസാന മുന്ന് സന്നാഹമത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47953/india-defeats-cambodia)