---
title: "ജസ്റ്റിസ് വി ഖാലിദിന്റെ സ്മരണയ്ക്കായി പുസ്തകം ഒരുങ്ങുന്നു"
english_title: "Justice v khalid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48212/justice-v-khalid"
published_at: "2022-06-10T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2fcfc4b03e_Picsart_22-06-10_13-34-40-819.jpg"
keywords: []
---

# ജസ്റ്റിസ് വി ഖാലിദിന്റെ സ്മരണയ്ക്കായി പുസ്തകം ഒരുങ്ങുന്നു

> **Lead Summary:** നീതിന്യായ രംഗത്തെ അതുല്യപ്രതിഭയും സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ജസ്റ്റിസ് വി.ഖാലിദിൻ്റെ സ്മരണയ്ക്കായി പുസ്തകം തയ്യാറായി. 'ജസ്റ്റിസ് വി.ഖാലിദ് : പ്രകാശം പരത്തിയ ജീവിതം' എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം, ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ശനിയാഴ്ച കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

നീതിന്യായ രംഗത്തെ അതുല്യപ്രതിഭയും സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ജസ്റ്റിസ് വി.ഖാലിദിൻ്റെ സ്മരണയ്ക്കായി പുസ്തകം തയ്യാറായി. 'ജസ്റ്റിസ് വി.ഖാലിദ് : പ്രകാശം പരത്തിയ ജീവിതം' എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം, ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ശനിയാഴ്ച കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കണ്ണൂർ സിറ്റിയിൽ ജനിച്ചു വളർന്ന്, രാജ്യത്തെ പരമോന്നത പദവികളിൽ എത്തിച്ചേർന്ന ജസ്റ്റിസ് വി.ഖാലിദ്, കണ്ണൂർ മുസ്ലിം എഡ്യൂക്കേഷനൽ അസോസിയേഷന്റെ (സി.ഡി.എം.ഇ.എ) സ്ഥാപക പ്രസിഡൻ്റ്, തളിപ്പറമ്പ് സയ്യിദ് കോളേജിന്റെ ശില്പി, നീതിമാനായ ന്യായാധിപൻ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ സംഭാവനകൾ നൽകിയ ആളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട സി.സി. എം.ഇ.എ, ആറു സ്ഥാപനങ്ങളുമായി ഉത്തരമലബാറിൽ ഇന്നും അഭിമാനത്തോടെ തുടരുന്നു.

ഖാലിദ് സാഹിബ് ഒദ്യോഗികജീവിതത്തിനുശേഷം വായനയിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരള  ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജമ്മുകാശ്മീർ ഗവർണർ, സുപ്രിം കോടതി   എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ 2017 - ലാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും വരുംതലമുറയെ പരിചയപ്പെടുത്തും വിധം ഒരു അടയാളപ്പെടുത്തൽ വേണമെന്ന അസോസിയേഷൻ അന്നെടുത്ത തീരുമാനത്തിന്റെ സഫലമുഹൂർത്തമാണ് സംജാതമാകുന്നത്.

സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.ടി.അബ്ദുൽ അസീസ് എഡിറ്റ് ചെയ്ത് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരിച്ച ഗ്രന്ഥം, കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി.പി. ചാലിക്ക് നൽകി പ്രകാശനം ചെയ്യും. മേയർ അഡ്വ. ടി.ഒ.മോഹനൻ മുഖ്യാതിഥിയാവും. ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത്, ജസ്റ്റിസ് ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ സംബന്ധിക്കും. ജസ്റ്റിസുമാരായ കെ.ടി.തോമസ്, എം. ഫാത്തിമാബീവി, ചേറ്റൂർ ശങ്കരൻ നായർ, അഡ്വ.ആസഫ് അലി, ആഡ്വ.കെ. രാംകുമാർ, അഡ്വ.സുധാകർ പ്രസാദ്, അഡ്വ. ഒ.വി.രാധാകൃഷ്ണൻ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ഡോ.പി.മുഹമ്മദലി, പി.കെ. മുഹമ്മദ്, കെ.അബ്ദുൽ ഖാദർ, ഡോ. ഫസൽ ഗഫൂർ , മുഹമ്മദ് ഹനീഷ് ഐ.എ.എസ് തുടങ്ങി 34 പ്രമുഖർ ജസ്റ്റിസ് ഖാലിദിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഗ്രന്ഥത്തിൽ പങ്കുവെയ്ക്കുന്നു. ഖാലിദ് സാഹിബ് എഴുതിയ ഏതാനും ലേഖനങ്ങളും വി.കെ.സുരേഷ് നടത്തിയ അഭിമുഖവും അനുബന്ധമായി കൊടുത്തിട്ടുണ്ട് .

ചരിത്രനിമിഷങ്ങൾ അട യാളപ്പെടുത്തുന്ന നിരവധി അപൂർവ്വ ചിത്രങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. സി.ഡി.എം.ഇ.എ പ്രസിഡണ്ട് അഡ്വ.പി.മഹമ്മൂദ്, സെക്രട്ടറി മഹമ്മൂദ് അള്ളാം കുളം, സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഡോ.ഇസ്മയിൽ ഓലായിക്കര, എഡിറ്റർ ഡോ.പി.ടി.അബ്ദുൽ അസീസ്, എം.ബി.എം.അഷറഫ്, വി.എച്ച് നിഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48212/justice-v-khalid)