---
title: "ഇനി കാത്തിരിക്കേണ്ട: മെഡിക്കല്‍ കോളേജിൽ സ്കാനിംഗ് 24 മണിക്കൂറും "
english_title: "Medicalcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48287/medicalcollege"
published_at: "2022-06-11T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3d929a2cea_Screenshot_20220611-052112.png"
keywords: []
---

# ഇനി കാത്തിരിക്കേണ്ട: മെഡിക്കല്‍ കോളേജിൽ സ്കാനിംഗ് 24 മണിക്കൂറും 

> **Lead Summary:** **തിരുവനന്തപുരം:** സാധാരണക്കാര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ് വിഭാഗം ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

## Article Content

**തിരുവനന്തപുരം:** സാധാരണക്കാര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ് വിഭാഗം ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

നിലവില്‍ 12 മണിക്കൂര്‍ മാത്രമായിരുന്നു പ്രവര്‍‌ത്തനം. ഇതോടെ സി.ടി, എം.ആര്‍.ഐ സ്കാനിംഗുകള്‍ക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. സ്കാനിംഗുകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കാന്‍ ആശുപത്രിതലത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. അടുത്തിടെ രോഗികളുടെ ബുദ്ധിമുട്ട് സംബന്ധിച്ച പരാതി ലഭിച്ചതോടെ വ്യാഴാഴ്ച രാത്രി 10ന് ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി വീണാ ജോര്‍ജ് പൂട്ടിക്കിടന്ന സ്കാനിംഗ് മുറികളുടെ സ്ഥിതി അന്വേഷിച്ചപ്പോഴാണ് രോഗികളുടെ ദുരിതം മനസിലായത്.

സ്കാനിംഗിനായുള്ള കാത്തിരിപ്പ് രോഗികള്‍ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ആശുപത്രി അധികൃതരുടെ യോഗത്തിലാണ് സ്കാനിംഗ് യൂണിറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനില്‍ സുന്ദരം, വിവിധ വകുപ്പ് മേധാവികളായ ഡോ. തോമസ് ഐപ്പ്, ഡോ. വിശ്വനാഥന്‍, ഡോ. ജയശ്രീ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48287/medicalcollege)