---
title: "എഴുത്തുകാരി വിമലാ മേനോൻ അന്തരിച്ചു "
english_title: "Writer Vimala Menon passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48458/writer-vimala-menon-passes-away"
published_at: "2022-06-12T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a52ace5924d_n3946212881654991373579ab721352f9bcd496272fa45e47d869572170ccd2cd7ac94d0c65ea59bc450a20.jpg"
keywords: []
---

# എഴുത്തുകാരി വിമലാ മേനോൻ അന്തരിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ വിമലാ മേനോന്‍ അന്തരിച്ചു. 1990- ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയ വിമലാ മേനോന്‍ കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ വിമലാ മേനോന്‍ അന്തരിച്ചു. 1990- ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയ വിമലാ മേനോന്‍ കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ജവഹര്‍ ബാലഭവനില്‍ സുഗതകുമാരിയോടൊപ്പം ഭാഷാ അധ്യാപികയായും, പിന്നീട് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കായി വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്പെഷ്യല്‍ സ്കൂളിന്റെയും പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. ഇരുപത്തിയൊന്ന് വര്‍ഷത്തോളം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറിയായിരുന്നു. 1945 ആഗസ്ത് 23ന് വടക്കന്‍ പറവൂരിലാണ് ജനിച്ചത്. പറവൂര്‍ ഗവ. ഹെെസ്കൂള്‍, തൃശൂര്‍ സെന്റ്മേരീസ് കോളേജ്, ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ദീര്‍ഘകാലമായി തിരുവനന്തപുരം മുളവന ജങ്ഷന്‍ കോസലത്തിലാണ് താമസം. ശാസ്ത്ര സാഹിത്യകാരന്‍ ഡോ. ആര്‍ വി ജി മേനോന്റെ സഹോദരിയാണ്. പഞ്ചതന്ത്രം, പിറന്നാള്‍ സമ്മാനം, മണ്ണാങ്കട്ടയും കരീലയും, ഒളിച്ചോട്ടം, സൂര്യനെ വലംവച്ച പെണ്‍കുട്ടി, ഡിസ്നി കഥകള്‍, പാര്‍വതി പിന്നെ ചിരിച്ചിട്ടില്ല, ലോകോത്തര നാടോടിക്കഥകള്‍, അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവന്‍, നമ്മളെ നമ്മള്‍ക്കായി എന്നിവയാണ് പ്രധാന കൃതികള്‍. ശനി വെെകിട്ട് ആറോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം ഞായര്‍ രാവിലെ 9.45 മുതല്‍ 10.15വരെ തിരുവനന്തപുരം ചെഷയര്‍ ഹോമിലും, 10.30 മുതല്‍ പകല്‍ രണ്ടുവരെ മുളവനയിലെ വീട്ടിലും പൊതുദര്‍ശനത്തിനുശേഷം പകല്‍ മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ഭര്‍ത്താവ്: പരേതനായ യു ജി മേനോന്‍. മക്കള്‍: ശ്യാം ജി മേനോന്‍ (ഫ്രീലാന്‍സ് ജേണലിസ്റ്റ്, മുംബൈ), യമുന മേനോന്‍ (ചെന്നൈ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48458/writer-vimala-menon-passes-away)