---
title: "സ്വന്തം പാത റെഡി: നെഞ്ചുവിരിച്ച്‌ കൊച്ചി മെട്രോ"
english_title: "Kochi metro news"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48698/kochi-metro-news"
published_at: "2022-06-13T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a717cac142b_1655117733385.jpg"
keywords: []
---

# സ്വന്തം പാത റെഡി: നെഞ്ചുവിരിച്ച്‌ കൊച്ചി മെട്രോ

> **Lead Summary:**  **കൊച്ചി: **മെട്രോയുടെ 'സ്വന്തം പാത' അഞ്ചാം വാര്‍ഷിക സമ്മാനമായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ആലുവ പേട്ട പാതയുടെ ദീര്‍ഘിപ്പിക്കലില്‍ ഉള്‍പ്പെടുന്ന പേട്ട - എസ്.എന്‍. ജംഗ്ഷന്‍ പാത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നേരിട്ട് നിര്‍മ്മിച്ചതാണ്.

## Article Content

 **കൊച്ചി: **മെട്രോയുടെ 'സ്വന്തം പാത' അഞ്ചാം വാര്‍ഷിക സമ്മാനമായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ആലുവ പേട്ട പാതയുടെ ദീര്‍ഘിപ്പിക്കലില്‍ ഉള്‍പ്പെടുന്ന പേട്ട - എസ്.എന്‍. ജംഗ്ഷന്‍ പാത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നേരിട്ട് നിര്‍മ്മിച്ചതാണ്.

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ പാതയ്ക്ക് ദിവസങ്ങള്‍ക്കകം അനുമതി ലഭിക്കും. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ അഞ്ചാം വാര്‍ഷികമാണ് ജൂണ്‍ 17ന്. വാര്‍ഷികത്തിന് വിപുലമായ ആഘോഷങ്ങള്‍ ആരംഭിച്ച കെ.എം.ആര്‍.എല്‍ പേട്ട -എസ്.എന്‍. ജംഗ്ഷന്‍ പാതയും തുറക്കുന്നതിന്റെ ഒരുക്കത്തിലാണ്.

അഞ്ചാം വാര്‍ഷികത്തിന് മുമ്ബായി പാത തുറക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ആലുവ മുതല്‍ പേട്ട വരെ പാത നിര്‍മ്മിച്ചത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ഡി.എം.ആര്‍.സി). മുന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടം നിര്‍മ്മിക്കുന്ന സമയത്തുതന്നെ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ദീര്‍ഘിപ്പിക്കല്‍ ഏറ്റെടുക്കില്ലെന്ന് ഡി.എം.ആര്‍.സി പ്രഖ്യാപിച്ചിരുന്നു. ഡി.എം.ആര്‍.സി ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കെ.എം.ആര്‍.എല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. കെ.എം.ആര്‍.എല്‍ നേരിട്ട് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍നോട്ടം വഹിച്ച്‌ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ആദ്യ പാതയെന്ന പ്രത്യേകത പേട്ട -എസ്.എന്‍.ജംഗ്ഷനുണ്ട്. എസ്.എന്‍. ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ശേഷിക്കുന്ന പാതയുടെ നിര്‍മ്മാണവും തുടരുകയാണ്.  അനുമതി ദിവസങ്ങള്‍ക്കകം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഉള്‍പ്പെട്ട വിദഗ്ദ്ധസംഘം രണ്ടു ദിവസം പാത സൂക്ഷ്‌മമായി പരിശോധിച്ചു. ട്രാക്കുകള്‍, സിഗ്നല്‍ സംവിധാനങ്ങള്‍, മറ്റു സാങ്കേതികസംവിധാനങ്ങള്‍ തുടങ്ങിയവ വിലയിരുത്തി. ട്രെയിന്‍ ഓടിച്ച്‌ നടത്തിയ പരിശോധനകളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ഏതാനും ദിവസങ്ങള്‍ക്കകം സുരക്ഷാ കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ലഭിച്ചാലുടന്‍ യാത്രക്കാരുമായി ട്രെയിനോടിക്കാന്‍ കഴിയും. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.  പ്രതീക്ഷ വാനോളം തൃപ്പൂണിത്തുറ പട്ടണത്തിന്റെ പ്രധാനഭാഗത്തേയ്ക്ക് കൂടി മെട്രോ എത്തുമ്ബോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കെ.എം.ആര്‍.എല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കോട്ടയം, മൂവാറ്റുപുഴ, പാലാ ഭാഗങ്ങളില്‍ നിന്ന് ബസിലെത്തുന്നവര്‍ക്ക് എസ്.എന്‍. ജംഗ്ഷനില്‍ നിന്ന് മെട്രോയില്‍ കയറി അതിവേഗത്തില്‍ കൊച്ചി നഗരത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയും. തൃപ്പൂണിത്തുറയില്‍ ട്രെയിനില്‍ എത്തുന്നവര്‍ക്കും മെട്രോയില്‍ തുടര്‍യാത്ര സുഗമമായി നടത്താന്‍ കഴിയും. കൊവിഡ് ഭീതിയകന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 73,000 യാത്രക്കാരെ വരെ ലഭിക്കുന്നുണ്ട്. ബസ് യാത്രാനിരക്ക് വര്‍ദ്ധിച്ചതും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂടാന്‍ സഹായമായി.

ഡിസംബറോടെ ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യമിട്ടാണ് അധികൃതര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.  രണ്ടു സ്റ്റേഷനുകള്‍ പേട്ടയ്ക്കും എസ്.എന്‍. ജംഗ്ഷനുമിടയില്‍ 1.8 കിലോമീറ്ററാണ് ദൂരം. വടക്കേക്കോട്ട, എസ്.എന്‍. ജംഗ്ഷന്‍ എന്നിവയാണ് സ്റ്റേഷനുകള്‍. രണ്ടു സ്റ്റേഷനുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. എസ്.എന്‍. ജംഗ്ഷന്‍ വരെ ട്രെയിന്‍ എത്തുന്നതോടെ ആകെ സ്റ്റേഷനുകള്‍ 24 ആയി വര്‍ദ്ധിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48698/kochi-metro-news)