---
title: "സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy rain : 9 district orange alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4875/heavy-rain-9-district-orange-alert"
published_at: "2021-10-13T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166412e111dc_images - 2021-10-09T092727.689.jpeg"
keywords: []
---

# സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം** : മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

## Article Content

**തിരുവനന്തപുരം** : മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒമ്ബതു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂര്‍ണമായും നിരോധിച്ചു. രാത്രി 7 മണിമുതല്‍ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എന്‍ഡിആര്‍എഫ് ടീമുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അമിതമായ ഒരു ഭീതിയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.നിലവില്‍ 27 ദുരിതാശ്വാസ ക്യാമ്ബുകളിലായി 622 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4875/heavy-rain-9-district-orange-alert)