---
title: "കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കുനേരേ വ്യാപക അക്രമം"
english_title: "Widespread violence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48810/widespread-violence"
published_at: "2022-06-14T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a83294cecc7_Picsart_22-06-14_12-31-38-255.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കുനേരേ വ്യാപക അക്രമം

> **Lead Summary:** കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കുനേരേ വ്യാപക അക്രമം, 17 പേർക്ക് പരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് കണ്ണൂർ ജില്ലയിൽ പലയിടത്തും കോൺഗ്രസ് ഓഫീസുകൾക്കുനേരേ അക്രമം.

## Article Content

കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കുനേരേ വ്യാപക അക്രമം, 17 പേർക്ക് പരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് കണ്ണൂർ ജില്ലയിൽ പലയിടത്തും കോൺഗ്രസ് ഓഫീസുകൾക്കുനേരേ അക്രമം.

തിങ്കളാഴ്ച രാത്രി 10.20-ന് ഡി.സി.സി. ഓഫീസിനുനേരേയും കല്ലേറുണ്ടായി. രണ്ടുപ്രവർത്തകർക്ക് പരിക്കേറ്റു ആസാദ്, ഷിബു ഫെർണാണ്ടസ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ഡി.സി.സി. ഓഫീസിനുനേരേ രണ്ടുതവണ കല്ലെറിഞ്ഞത്. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി അടക്കമുള്ള നേതാക്കൾ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.

സമീപത്തെ കാവലിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂർ കോൺഗ്രസ് ഓഫീസിനുനേരേയുണ്ടായ അക്രമണത്തിൽ ഗാന്ധിപ്രതിമയുടെ തല വെട്ടിമാറ്റി. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് കോൺഗ്രസ് ഓഫീനുനേരേ ആക്രമണം നടന്നത്. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയുടെ തലയാണ് വെട്ടിമാറ്റിയത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡുകൾ തകർത്ത സംഘം ഉള്ളിലുണ്ടായിരുന്ന കസേരയും മേശയും ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ഓഫീസിനുള്ളിൽ സെക്രട്ടറി വി.വി. നാരായണൻ ഉണ്ടായിരുന്നു. മുഖംമൂടിയണിഞ്ഞ സംഘമാണ് അക്രമം നടത്തിയതെന്ന് വി.വി. നാരായണൻ പറഞ്ഞു. തൃച്ചംബരം പ്രിയദർശിനി മന്ദിരത്തിന്റെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം ജനൽ ഗ്ലാസുകളും ഫർണിച്ചറും നശിപ്പിച്ചു. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഒരു പോലീസുകാരനും സ്ത്രീയും ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. മുഖ്യമന്ത്രിക്കുനേരേ വിമാനത്തിനുള്ളിൽ നടന്ന കൈയേറ്റശ്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധത്തിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിലും പങ്കെടുത്തവരാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയാണ് സംഘർഷം. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാല് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും ഒരു പോലീസുകാരനുമാണ് പരിക്കേറ്റത്. കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സതീഷ് സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡന്റ് ഡോ. ശരത് ജോഷ്, യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് സജിത മോഹനൻ, ബ്ലോക്ക് സെക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.കെ. നിർഷാദ്, കോൺഗ്രസ് കൂരൻമുക്ക് ബൂത്ത് പ്രസിഡന്റ് ബഷീർ കൂരൻമുക്ക്, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ, ഷാനിദ് കൂരൻമുക്ക് എന്നിവർക്കും ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറി കെ. അമൽ, ശ്യാംജിത്ത്, പി. അമൽ, എൻ. സാജിദ് തുടങ്ങിയവർക്കുമാണ് പരിക്കേറ്റത്. സിവിൽ പോലീസ് ഓഫീസർ സതീഷ് സെബാസ്റ്റ്യന് നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്ക്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇരിട്ടി പാലംവരെ എത്തി തിരിച്ചുവരുന്നതിനിടെ എതിർദിശയിൽനിന്നും ഡി.വൈ.എഫ്.ഐ. പ്രകടനം എത്തുകയും മുസ്‌ലിം പള്ളിക്ക് സമീപം ഏറ്റുമുട്ടുകയുമായിരുന്നു.

കോൺഗ്രസുകാരുടെ കൈയിലുണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസും യൂത്ത് കോൺഗ്രസുകാർ പന്തം ഉപയോഗിച്ച് ആക്രമിച്ചതായി ഡി.വൈ.എഫ്.ഐ.യും ആരോപിച്ചു. ഈ സമയം കുറച്ചു പോലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഉടനെ സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് സംഘം സ്ഥിതി നിയന്ത്രണവിധേയമാക്കി. പരസ്പരമുണ്ടായ പന്തം ഏറിലും ഇതിനുപയോഗിച്ച വടി ഉപയോഗിച്ചുള്ള അക്രമത്തിലുമാണ് പലർക്കും പരിക്കേറ്റത്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ്, തളിപ്പറമ്പ് കോൺഗ്രസ് മന്ദിരം, കരിയാട് മണ്ഡലം കോൺഗ്രസ് ഓഫീസുകൾക്കുനേരേയും രാത്രി ആക്രമണം നടന്നു. തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള എൽ.എസ്. പ്രഭു മന്ദിരമാണ് രാത്രി എട്ടിന് ആക്രമിച്ചത്. കല്ലേറിൽ കെട്ടിടത്തിന്റെ രണ്ട് ജനൽചില്ലുകൾ തകർന്നു. ഓഫീസിന്റെ പേരെഴുതിയ ബോർഡ് കീറി. ഫർണിച്ചർ തകർന്നു. ഒരാൾ ഓഫീസിനകത്ത് കയറി അക്രമം നടത്താൻ ശ്രമിച്ചു. അഞ്ചുപേരാണ് അക്രമം നടത്തിയത്. നാലുപേർ പുറമെനിന്ന് കെട്ടിടത്തിന് കല്ലേറ് നടത്തി. സംഭവം നടക്കുമ്പോൾ ബ്ലോക്ക് പ്രസിഡൻറ് എം.പി. അരവിന്ദാക്ഷൻ, തലശ്ശേരി നോർത്ത് മണ്ഡലം പ്രസിഡൻറ് കെ.ഇ. പവിത്രരാജ് എന്നിവർ ഓഫീസിലുണ്ടായിരുന്നു. മണ്ഡലം കമ്മിറ്റി ഓഫീസ്, ബ്ലോക്ക് കമ്മിറ്റി ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന്റെ ഫർണിച്ചറും വാതിലുകളും തകർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം നിസാം മയ്യിലിന്റെ സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു. മന്ദിരത്തിനു മുന്നിൽ നിർത്തിയിട്ട വാഹനം കെട്ടിടത്തിനകത്തേക്കെടുത്തിട്ടാണ് കത്തിച്ചത്.

കോൺഗ്രസ് പ്രവർത്തകരെത്തി തീയണച്ചു. രാത്രി ഒൻപതിനാണ് സംഭവം. കരിയാട് മണ്ഡലം കോൺഗ്രസ് ഓഫീസിന്റെ ചില്ലുകൾ തകർത്തു. സി.പി.എം. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ ഭാര്യാവീടിനുനേരേയുണ്ടായ കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. സുധാകരന്റെ ഭാര്യാസഹോദരി റീത്തയും ഭർത്താവ് ലക്ഷ്മണനുമാണ് ഇവിടെ താമസിക്കുന്നത്. എടക്കാട് പോലീസ് സ്ഥലത്ത് ക്യാമ്പ്‌ചെയ്യുന്നുണ്ട്. വൈകിട്ട് 6.30-ന് പ്രദേശത്ത് സി.പി.എം. പ്രവർത്തകരുടെ പ്രകടനം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48810/widespread-violence)