---
title: "ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും"
english_title: "The court will today pronounce the sentence of husband Sooraj in the Uttara murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4889/the-court-will-today-pronounce-the-sentence-of-husband-sooraj-in-the-uttara-murder-case"
published_at: "2021-10-13T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61665a318c7e9_images - 2021-10-11T134053.342.jpeg"
keywords: []
---

# ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും

> **Lead Summary:** **കൊല്ലം**: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും.സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതി ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു നിര്‍വികാരനായി പ്രതിയുടെ മറുപടി.

## Article Content

**കൊല്ലം**: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും.സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതി ചോദ്യത്തിന്, ഒന്നുമില്ലെന്നായിരുന്നു നിര്‍വികാരനായി പ്രതിയുടെ മറുപടി.

2020 മേയ് ആറിനാണ് ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്ബു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയ കേസില്‍ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊല്ലം റൂറല്‍ എസ്‌പിയെ സമീപിച്ചതോടെയാണ്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയില്‍ പാമ്ബ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്‌ട് എന്നിവ പ്രകാരമാണു കേസ്.

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭര്‍ത്താവ് സൂരജ് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയില്‍ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടില്‍ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4889/the-court-will-today-pronounce-the-sentence-of-husband-sooraj-in-the-uttara-murder-case)