---
title: "എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത്: 99.76 ശതമാനം വിജയം "
english_title: "Sslc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49060/sslc"
published_at: "2022-06-15T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9d3cdad46f_images.png"
keywords: []
---

# എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത്: 99.76 ശതമാനം വിജയം 

> **Lead Summary:** ** കണ്ണൂർ** : എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.76 ശതമാനമാണ് വിജയം.

## Article Content

** കണ്ണൂർ** : എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.76 ശതമാനമാണ് വിജയം.

ജില്ലയിലെ 212 സ്‌കൂളുകളിൽ നിന്ന് 35,197 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,115 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ ആകെ 7,767 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.7,762 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

850 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 14,519 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 14,473 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1748 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ 12,911 പേർ പരീക്ഷ എഴുതിയതിൽ 12,880 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.1560 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു. കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി.

കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49060/sslc)