---
title: "പയസ്വിനി’യെ പിഴുതുനട്ടു ഇനി കാത്തിരിപ്പ് ആദ്യ തളിരിനായി "
english_title: " Pyaswini has been uprooted."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49219/pyaswini-has-been-uprooted"
published_at: "2022-06-16T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab04bbdc53d_Picsart_22-06-16_15-53-32-534.jpg"
keywords: []
---

# പയസ്വിനി’യെ പിഴുതുനട്ടു ഇനി കാത്തിരിപ്പ് ആദ്യ തളിരിനായി 

> **Lead Summary:** കാസർകോട്: പിഴുതുനട്ട മാവ് തളിരിടുന്നതും പൂക്കുന്നതും കായ്‌ക്കുന്നതും കാത്ത് പുനർജന്മത്തിന്റെ തിരുമധുരത്തിനുവേണ്ടി കാസർകോട് നഗരം സാക്ഷ്യംവഹിച്ചത് അപൂർവ യജ്ഞത്തിനായിരുന്നു.

## Article Content

കാസർകോട്: പിഴുതുനട്ട മാവ് തളിരിടുന്നതും പൂക്കുന്നതും കായ്‌ക്കുന്നതും കാത്ത് പുനർജന്മത്തിന്റെ തിരുമധുരത്തിനുവേണ്ടി കാസർകോട് നഗരം സാക്ഷ്യംവഹിച്ചത് അപൂർവ യജ്ഞത്തിനായിരുന്നു.

പതിനാറുവർഷം മുൻപ് കവയിത്രി സുഗതകുമാരി നട്ട നാട്ടുമാവ് വേരോടെ പിഴുത് ഒന്നരക്കിലോമീറ്റർ അപ്പുറത്തെ അടുക്കത്ത്ബയൽ ഗവ. യു.പി. സ്‌കൂൾ മുറ്റത്തേക്ക് മാറ്റി. 'പയസ്വിനി'യെന്ന് കവയിത്രി പേരുചൊല്ലി വിളിച്ച മാവിന്റെ പറിച്ചുനടലിന് നൂറുകണക്കിന് പ്രകൃതിസ്നേഹികൾ സാക്ഷിയായി.

മണ്ണിലേക്ക് ആഴ്ന്നിറങ്ങി വെള്ളവും വളവും വലിച്ചെടുക്കുന്ന ധമനികൾക്കൊന്നും പരിക്കേൽപ്പിക്കാതെ ഹൃദയശസ്ത്രക്രിയപോലെ മണിക്കൂറുകൾ നീണ്ട പ്രയത്നം സഫലമാവുകയായിരുന്നു. ചുവട്ടിലെ മണ്ണുനീക്കി ശാഖകൾ വെട്ടിയൊതുക്കിയ മാവിനെ ക്രെയിനിൽ പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവിൽ മണ്ണുനീക്കിയന്ത്രം കൊണ്ടുവന്ന് വേരോടെ പിഴുതെടുത്താണ് പുതിയ സ്ഥലത്തേക്ക് എത്തിച്ചത്. അടുക്കത്ത്ബയൽ സ്‌കൂൾ കവാടത്തിൽ പുഷ്പവൃഷ്ടിയോടും ഹർഷാരവത്തോടും കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും 'പയസ്വിനി'യെ വരവേറ്റത്. സുഗതകുമാരിയുടെ കവിതകളും അന്തരീക്ഷത്തിൽ മുഴങ്ങി. മഴയും വെയിലും മാറിനിന്ന അന്തരീക്ഷത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മാവിന്റെ പറിച്ചുനടൽ പൂർത്തിയായത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെടുമായിരുന്ന മാവിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അടുക്കത്ത്ബയൽ സ്‌കൂളിലെ സീഡ് വിദ്യാർഥികളാണ്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്ന് എത്തിയ സീഡ് അംഗങ്ങളും കാസർകോട് ഗവ. കോളേജിലെ എൻ.എസ്.എസ്. അംഗങ്ങളും കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളും കാസർകോട് പീപ്പിൾസ് ഫോറം ഭാരവാഹികളും മാവിനെ സ്‌കൂളിലേക്ക് അനുഗമിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തിയുടെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരും കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പോലീസും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികളും ഒരേ മനസ്സോടെ പ്രയത്‌നിച്ചാണ് യത്നം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49219/pyaswini-has-been-uprooted)