---
title: "മലബാർ കാൻസർ സെന്റർ ഉയർച്ചയിലേക്ക്"
english_title: "Malabar Cancer Center on the rise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49352/malabar-cancer-center-on-the-rise"
published_at: "2022-06-17T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac262b30a70_Picsart_22-06-17_12-28-17-412.jpg"
keywords: []
---

# മലബാർ കാൻസർ സെന്റർ ഉയർച്ചയിലേക്ക്

> **Lead Summary:** തലശ്ശേരി: മലബാർ കാൻസർ സെന്റർ ഉയർച്ചയിലേക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചായി പുനർനാമകരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

## Article Content

തലശ്ശേരി: മലബാർ കാൻസർ സെന്റർ ഉയർച്ചയിലേക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചായി പുനർനാമകരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എം.സി.സി.യെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ആയി ഉയർത്തുന്നതിനായി കിഫ്ബിയിലൂടെ ഒന്നാം ഘട്ടത്തിൽ 80 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ 398 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഒന്നാംഘട്ട നിർമാണ പ്രവർത്തനം പുരോഗമിക്കുകയാണ്.

രണ്ടാംഘട്ടത്തിന്റെ നടപടി തുടങ്ങി. എം.സി.സിൽ ഇപ്പോൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് കീഴിലുള്ള ഡി.ആർ.എൻ.ബി. (സർജിക്കൽ ഓങ്കോളജി), ഡി.എൻ.ബി. (പാത്തോളജി), ഡി.എൻ.ബി. (റേഡിയേഷൻ ഓങ്കോളജി), ഡി.എം.ആർ.ഡി. (റേഡിയോ ഡയഗ്‌നോസിസ്), കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്‌സി. എം.ആർ.ടി., ബി.എസ്‌സി. നഴ്സിങ് എന്നീ കോഴ്സുകൾ നടത്തുന്നുണ്ട്.

ഇവയ്ക്കു പുറമേ സ്ഥാപനത്തിന്റെ തന്നെ വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഫെലോഷിപ്പ് പ്രോഗ്രാമുകളിലൂടെ ഡോക്ടർമാർ കാൻസർ ചികിത്സാ മേഖലയിൽ പരിശീലനം നടത്തിവരുന്നു. എം.എസ്‌സി മെഡിക്കൽ മൈക്രോ ബയോളജി, മെഡിക്കൽ ബയോ കെമിസ്ട്രി എന്നീ കോഴ്‌സുകൾ ആരംഭിക്കും. നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള എം.ഡി., എം.സി.എച്ച്., ഡി.എം. തുടങ്ങിയ കോഴ്സുകൾ ആരംഭിക്കാനും കഴിയും.

270 വിദ്യാർത്ഥികളും ആറ് പിഎച്ച്.ഡി. ഗവേഷണവിദ്യാർഥികളും സ്ഥാപനത്തിൽ പഠനം നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ഗവേഷണ പഠനകേന്ദ്രങ്ങളുമായി സംയുക്ത ഗവേഷണ സംരംഭങ്ങളും നടന്നുവരുന്നു. സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പുനർനാമകരണം ചെയ്യുന്നതോടെ വികസനസാധ്യതയേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49352/malabar-cancer-center-on-the-rise)