---
title: "പാലം നിർമ്മാണം പൂർത്തിയാക്കിയില്ല, യാത്രാ ദുരിതത്തിൽ കാഞ്ഞിലേരി മേഖല"
english_title: "Construction of the bridge has not been complet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49409/construction-of-the-bridge-has-not-been-completed"
published_at: "2022-06-17T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac55859dabd_Picsart_22-06-17_15-45-35-451.jpg"
keywords: []
---

# പാലം നിർമ്മാണം പൂർത്തിയാക്കിയില്ല, യാത്രാ ദുരിതത്തിൽ കാഞ്ഞിലേരി മേഖല

> **Lead Summary:** ശ്രീകണ്ഠപുരം: പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വാഹന ഗതാഗതം ആരംഭിക്കാനാകാതെ ശ്രീകണ്ഠപുരം നഗരസഭയിലെ കാഞ്ഞിലേരി - അലക്‌സ്‌നഗര്‍ നിവാസികള്‍. നാല് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന പാലത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയരുകയാണ്.

## Article Content

ശ്രീകണ്ഠപുരം: പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വാഹന ഗതാഗതം ആരംഭിക്കാനാകാതെ ശ്രീകണ്ഠപുരം നഗരസഭയിലെ കാഞ്ഞിലേരി - അലക്‌സ്‌നഗര്‍ നിവാസികള്‍. നാല് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന പാലത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയരുകയാണ്.

കാലങ്ങളായുള്ള മലയോര ജനതയുടെ ആവശ്യമാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടമ്പം പുഴയ്ക്ക് കുറുകേ അലക്‌സ്‌നഗറിനേയും കാഞ്ഞിലേരിയേയും തമ്മില്‍ ബന്ധിപ്പിച്ചുള്ള പാലം എന്നത്. ജനങ്ങളുടെ മുറവിളിക്കൊടുവില്‍ പത്തുകോടിയിലധികം രൂപ വകയിരുത്തി പുതിയ പാലത്തിനായി നടപടികള്‍ കൈക്കൊണ്ടു.

നിര്‍മ്മാണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞതോടെ കരാറുകാര്‍ക്ക് സാമ്പത്തിക ബാധ്യതമൂലം പാലംപണി നിര്‍ത്തിവെക്കേണ്ടിവന്നു. ഇതോടെയാണ് മലയോരത്തിന് ഏറെ ഗുണകരമാകുന്ന പാലം നിര്‍മ്മാണം പാതി പൂര്‍ത്തിയായ തൂണുകളില്‍ മാത്രമായി ഒതുങ്ങിയത്.   ശ്രീകണ്ഠാപുരം പയ്യാവൂര്‍ ടൗണുകളിലേക്ക് പോകേണ്ടവര്‍ക്ക് നൂറിലധികം രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ച് ഐച്ചേരിയിലോ, കണിയാര്‍വയലിലോ പോകേണ്ട ഗതികേടിലാണ്.

പൊതുവാഹന ഗതാഗതം രൂക്ഷമായ റൂട്ടില്‍ പുതിയ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിര്‍മ്മാണം പാതിവഴിയിലായ പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയരുമ്പോഴും മാസങ്ങള്‍ മുന്നോട്ട് പോകുന്നതല്ലാതെ പ്രവര്‍ത്തികള്‍ യാതൊന്നും ഇനിയും ആരംഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49409/construction-of-the-bridge-has-not-been-completed)