---
title: "തെങ്ങിൻമണ്ടയിൽ തളർന്നുപോയ ചെത്തുതൊഴിലാളിയെഅഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "The firefighter was rescued by the fire brigade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49558/the-firefighter-was-rescued-by-the-fire-brigade"
published_at: "2022-06-18T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad7e729e8ec_Picsart_22-06-18_12-56-35-250.jpg"
keywords: []
---

# തെങ്ങിൻമണ്ടയിൽ തളർന്നുപോയ ചെത്തുതൊഴിലാളിയെഅഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** തളിപ്പറമ്പ: തെങ്ങിൻമണ്ടയിൽ തളർന്നുപോയ ചെത്തുതൊഴിലാളിയെഅഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തളിപ്പറമ്പ് നണിയൂർ നമ്പ്രം കള്ളുഷാപ്പിന് സമീപം കള്ള് ചെത്താൻ തെങ്ങിൽ കയറിയ ചെറുപഴശ്ശിയിലെ ചെത്തുതൊഴിലാളി കാമ്പ്രത്ത് ഷിബുവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി.

## Article Content

തളിപ്പറമ്പ: തെങ്ങിൻമണ്ടയിൽ തളർന്നുപോയ ചെത്തുതൊഴിലാളിയെഅഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തളിപ്പറമ്പ് നണിയൂർ നമ്പ്രം കള്ളുഷാപ്പിന് സമീപം കള്ള് ചെത്താൻ തെങ്ങിൽ കയറിയ ചെറുപഴശ്ശിയിലെ ചെത്തുതൊഴിലാളി കാമ്പ്രത്ത് ഷിബുവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി.

35 അടിയോളം ഉയരത്തിലുള്ള തെങ്ങിന്റെ മണ്ടയിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ഷിബു കുടുങ്ങിപ്പോയത്. ക്ഷീണിതനാണെന്നറിഞ്ഞപ്പോൾ മറ്റ് രണ്ട് തൊഴിലാളികൾ ചേർന്ന് ഷിബുവിനെ തെങ്ങിന്റെ മണ്ടയിൽ കെട്ടിനിർത്തിയിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായി.

രണ്ടാളുകളുടെ സഹായത്തോടെ അഗ്നിരക്ഷാ സേനാംഗങ്ങളായ പി.വി.ഗിരീഷ്, കെ.വി.അനൂപ്, കെ.പി.ഉമേഷ് എന്നിവരും തെങ്ങിൽ കയറി റെസ്ക്യൂനെറ്റ് വഴി ചെത്തുതൊഴിലാളിയെ താഴെയിറക്കി. പിന്നീട് ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി.

അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഫിലിപ്പ് മാത്യു, കെ.വി.സഹദേവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49558/the-firefighter-was-rescued-by-the-fire-brigade)