---
title: "സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം"
english_title: "National quality approval for 13 more hospitals."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49561/national-quality-approval-for-13-more-hospitals"
published_at: "2022-06-18T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad7e519309c_1655537212895.jpg"
keywords: []
---

# സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു.

എറണാകുളം രായമംഗലം കുടുംബാരോഗ്യകേന്ദ്രം 96 ശതമാനവും കോട്ടയം കല്ലറ കുടുംബാരോഗ്യകേന്ദ്രം 97 ശതമാനവും സ്കോർ നേടി. ഇതോടെ സംസ്ഥാനത്തെ 146 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു. 4 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 91 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് എൻ.ക്യു.എ.എസ്. അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു. കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97%, മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെൻറർ 80.40%, പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം 89%, കോട്ടയം മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95%, ഇടുക്കി പാറക്കടവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 87.20%, എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90.30%, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47%, മലപ്പുറം കുടുംബാരോഗ്യ കേന്ദ്രം 96% തുടങ്ങിയവയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും എന്‍.ക്യു.എ.എസ്. ബഹുമതി ലഭിച്ചു.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഓരോന്നിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് നൽകുന്നത്.

എന്‍.ക്യു.എ.എസ് അംഗീകാരത്തിന് 3 വർഷമാണ് വാലിഡിറ്റി കാലാവധി. മൂന്ന് വർഷത്തിന് ശേഷം, ദേശീയതല ടീമിന്റെ ഒരു അവലോകനം ഉണ്ടാകും. എൻ.ക്യു.എ.എസ് അക്രഡിറ്റഡ് പി.എച്ച്.സികൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49561/national-quality-approval-for-13-more-hospitals)