---
title: "ചോർച്ചയില്ലാത്ത കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കൂത്തുപറമ്പ് കൃഷിഭവൻ"
english_title: "Koothuparambu Krishi Bhavan ready to move into a leak-free building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49566/koothuparambu-krishi-bhavan-ready-to-move-into-a-leak-free-building"
published_at: "2022-06-18T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad81ee4c630_Picsart_22-06-18_13-11-50-933.jpg"
keywords: []
---

# ചോർച്ചയില്ലാത്ത കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കൂത്തുപറമ്പ് കൃഷിഭവൻ

> **Lead Summary:** കൂത്തുപറമ്പ: ചോർച്ചയില്ലാത്ത കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കൂത്തുപറമ്പ് കൃഷിഭവൻ. അപകടാവസ്ഥയിലായ കൂത്തുപറമ്പ് കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം ബിഎസ്എൻഎൽ ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്കാണ് തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം മാറുന്നത്.

## Article Content

കൂത്തുപറമ്പ: ചോർച്ചയില്ലാത്ത കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കൂത്തുപറമ്പ് കൃഷിഭവൻ. അപകടാവസ്ഥയിലായ കൂത്തുപറമ്പ് കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം ബിഎസ്എൻഎൽ ഓഫിസ് വളപ്പിലെ കെട്ടിടത്തിലേക്കാണ് തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം മാറുന്നത്.

കൂത്തുപറമ്പ് കൃഷിഭവൻ ആരംഭിച്ചത് മുതൽ നരവൂർ റോഡിലെ പഴശ്ശി ജലസേചന പദ്ധതിയുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ റസിഡൻഷ്യൽ ക്വാർട്ടേഴ്സ് കെട്ടിടത്തിലായിരുന്നു പ്രവർത്തനം . വാടകകെട്ടിടം കാലപ്പഴക്കത്താൽ ചോർന്നൊലിച്ച് മഴവെള്ളം ഇറങ്ങി ജനാലകളും ചുമരുകളും വിണ്ടുകീറി അപകടാവസ്ഥയിലായിരുന്നു.

കൃഷിഭവന് സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിന് വിവിധഘട്ടങ്ങളിൽ ഫണ്ട് ലഭ്യമാക്കിയിരുന്നു. എന്നാൽ സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനടുത്ത് മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ കൈയ്യിലുള്ള ഭൂമി കൃഷിഭവൻ നിർമ്മാണത്തിനായി വിട്ടു കിട്ടുന്നതിനുവേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.

എന്നാൽ സർക്കാറിലേക്ക് അയച്ച ഫയൽ വർഷങ്ങളായി തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. നഷ്ടത്തിൽ പ്രവൃത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും പാട്ടത്തിനും വാടകയ്ക്കും നൽകാൻ തീരുമാനമെടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഓഫീസ് വളപ്പിൽ കൃഷിഭവൻ പ്രവർത്തിപ്പിക്കുന്നതിന് നഗരസഭ അധികൃതർ വാടകയ്ക്ക് കെട്ടിടം ലഭ്യമാക്കിയിട്ടുള്ളത്.മാർക്കറ്റിന് സമീപം റോഡരുകിൽ കസ്റ്റമർ കെയർ സെൻ്ററായി പ്രവർത്തിച്ച കെട്ടിടമാണ് തിങ്കളാഴ്ച മുതൽ കൃഷിഭവനായി മാറുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49566/koothuparambu-krishi-bhavan-ready-to-move-into-a-leak-free-building)