---
title: "നമ്മമക്ക ലഘുനാടകം: വീഡിയോ ലോഞ്ച് ചെയ്തു"
english_title: "Nammamakka Short Drama: Video Launched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49591/nammamakka-short-drama-video-launched"
published_at: "2022-06-18T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad987945a9d_Picsart_22-06-18_14-48-05-287.jpg"
keywords: []
---

# നമ്മമക്ക ലഘുനാടകം: വീഡിയോ ലോഞ്ച് ചെയ്തു

> **Lead Summary:** കൽപ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദിവാസി മേഖലകളിൽ നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പോലീസിൽ നിയമനം ലഭിച്ച പോലീസുദ്യോഗസ്ഥരെ അണിനിരത്തികൊണ്ട് ഗോത്ര ഭാഷയിൽ നമ്മ മക്ക എന്ന ലഘു നാടകം അവതരിപ്പിക്കുന്നു.

## Article Content

കൽപ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആദിവാസി മേഖലകളിൽ നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പോലീസിൽ നിയമനം ലഭിച്ച പോലീസുദ്യോഗസ്ഥരെ അണിനിരത്തികൊണ്ട് ഗോത്ര ഭാഷയിൽ നമ്മ മക്ക എന്ന ലഘു നാടകം അവതരിപ്പിക്കുന്നു.

ഗോത്ര വിഭാഗക്കാർക്കിടയിലുള്ള ലഹരി ഉപയോഗം, പ്രായപൂർത്തിയാകാത്ത വിവാഹവും പ്രത്യാഘാതങ്ങളും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ലൈംഗികാതിക്രമങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് 30 മിനുട്ട് ദൈർഘ്യമുള്ളതും ഗോത്ര ജീവിതങ്ങളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ വളരെ ലളിതമായ ആവിഷ്ക്കരണത്തോടെ അവരുടെ ആചാരനുഷ്ടാനങ്ങളും വാദ്യോപകരണങ്ങളുടെ സംഗീതവും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിവാഹവും അവിടെ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് ഈ ലഘു നാടകത്തിലുള്ളത്.

നാടകത്തിന്റെ വീഡിയോ ലോഞ്ചിംഗ് വയനാട് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ ഐ പി എസ് നിർവഹിച്ചു . ഈ നാടകത്തിലൂടെ ഗോത്ര വിഭാഗത്തിന് അവരുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഗൌരവം മനസിലാക്കുവാൻ സാധിക്കുകയും അതിലൂടെ വളരെ ലളിതമായ രീതിയിൽ നിയമ ബോധവൽക്കരണവും അറിവും ലഭിക്കുമെന്ന ഉറച്ച വിശ്വസത്തോടെയാണ് വയനാട് ജനമൈത്രി പോലീസ് ഈ പദ്ധതി ആവിഷ്കരിച്ചത് .

നമ്മ മക്ക എന്ന പേരിലുള്ള ഈ ലഘുനാടകത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിലൂടെ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾക്ക് സോഷ്യൽ മീഡിയവഴിയും മറ്റ് പ്ലാറ്റ്ഫോമുകൾ വഴിയും കാണുവാനും മനസിലാക്കാനും സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ വികസന വകുപ്പിന്റെ ധന സഹായത്തോടെ ഈ ലഘുനാടകം വീഡിയോ ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്.

ലോഞ്ചിംഗ് ചടങ്ങിൽ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഇസ്മയിൽ, വയനാട് ജില്ല ജനമൈത്രി പോലീസ് നോഡൽ ഓഫീസർ ബ്രാഞ്ച് ഡി വൈ എസ് പി മനോജ്കുമാർ ആർ, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ, നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച യതീന്ദ്രൻ, സബ് ഇൻസ്പെക്റ്റർമാരായ ശ്രീനിവാസൻ കെ, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു .

നമ്മ മക്ക നാടകത്തിന്റെ രചനയും സംവിധാനവും പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ യതീന്ദ്രനും സംഗീതം മാനന്തവാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബഷീറുമാണ് നിർവ്വഹിച്ചിട്ടുളളത്. വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന വിനോദ്, അഭിജിത്, രതിലാഷ്, ജിഷ്ണു രാജ്,ഹരീഷ്, കുഞ്ഞിരാമൻ, സിജു, ശശി, മഹിത, ശ്രീതു, പ്രമിത, സീത തുടങ്ങിയ 12 പോലീസുദ്യോഗസ്ഥരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

ജനമൈത്രി സുരക്ഷ പദ്ധതി ജില്ലാ നോഡൽ ഓഫീസറും വയനാട് സി ബ്രാഞ്ച് ഡി വൈ എസ് പി യുമായ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ എ എസ് ഐ ശശിധരൻ കെഎം ലീഡറായുള്ള സംഘമാണ് പ്രസ്തുത നാടകത്തിന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49591/nammamakka-short-drama-video-launched)