---
title: "എബിന്റെ സങ്കടം യൂസഫലി കേട്ടു; അച്ഛന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് കൊടുത്തു "
english_title: "Yusufali heard Eb's grief; My father's body will be brought home soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49598/yusufali-heard-ebs-grief-my-fathers-body-will-be-brought-home-soon"
published_at: "2022-06-18T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ada1c353a6c_beaten-to-death-1538703563-1563041099-1592017534-1621228418-1624172447.jpg"
keywords: []
---

# എബിന്റെ സങ്കടം യൂസഫലി കേട്ടു; അച്ഛന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് കൊടുത്തു 

> **Lead Summary:** തിരുവനന്തപുരം: സൗദിയിൽ മരിച്ച അച്ഛന്‍റെ മൃതദേഹം നാട്ടിലേത്തിക്കാൻ സഹായം തേടിയ നെടുമങ്ങാട് സ്വദേശി എബിന് കൈത്താങ്ങായി പ്രമുഖ വ്യവസായി എം എ യൂസുഫലി. സൗദിയിൽ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് വെള്ളിയാഴ്ച മരിച്ച ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് വഴിയൊരുങ്ങിയത്.

## Article Content

തിരുവനന്തപുരം: സൗദിയിൽ മരിച്ച അച്ഛന്‍റെ മൃതദേഹം നാട്ടിലേത്തിക്കാൻ സഹായം തേടിയ നെടുമങ്ങാട് സ്വദേശി എബിന് കൈത്താങ്ങായി പ്രമുഖ വ്യവസായി എം എ യൂസുഫലി. സൗദിയിൽ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് വെള്ളിയാഴ്ച മരിച്ച ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് വഴിയൊരുങ്ങിയത്.

മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു ലോക കേരള സഭയിലെ ഓപ്പൺ ഫോറത്തിൽ എബിന്‍റെ സഹായ അഭ്യർത്ഥനയ്ക്കുള്ള യൂസുഫലിയുടെ ഉറപ്പ്. പരിപാടിയിൽ തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിനാണ് അച്ഛൻ ബാബുവിന്റെ അപകട വിവരം യൂസഫലിയോട് പറഞ്ഞത്.

സൗദിയിലെ ഖമിസ് മുശൈത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് കഴിഞ്ഞയാഴ്ച കെട്ടിടത്തിൽ നിന്നു വീണ് എബിന്റെ അച്ഛൻ ബാബു മരിച്ചത് . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്നാണ് അറിഞ്ഞത്.

തുടർന്ന് നോർക്ക റൂട്സ് മുഖേന അപേക്ഷ നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴ‍ിയുമോ എന്നതായിരുന്നു എബിന്റെ ചോദ്യം. ഉടൻ തന്നെ യൂസഫലി പിഎയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് സൗദിയിൽ ബന്ധപ്പെടാൻ നിർദേശം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49598/yusufali-heard-ebs-grief-my-fathers-body-will-be-brought-home-soon)