---
title: "കോവിഡ് :  വിവിധ പിഎസ്‌സി ലിസ്റ്റുകൾ മൂന്നുമാസം നീട്ടാൻ ഹൈക്കോടതി നിർദ്ദേശം"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50076/covid"
published_at: "2022-06-21T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b12b7a95457_images_(5).jpeg"
keywords: []
---

# കോവിഡ് :  വിവിധ പിഎസ്‌സി ലിസ്റ്റുകൾ മൂന്നുമാസം നീട്ടാൻ ഹൈക്കോടതി നിർദ്ദേശം

> **Lead Summary:** **കൊച്ചി: **കോവിഡ് കാലത്ത് പി എസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടതു കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞതു 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈ ക്കോടതി. ബെഞ്ചിന്റെ പരിഗണനയ്ക്കു വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട തീയതി മുതൽ 3 മാസത്തേക്കു നിലനിർത്തണമെന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പിഎസ്സിക്കു നിർദേശം നൽകി.

## Article Content

**കൊച്ചി: **കോവിഡ് കാലത്ത് പി എസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടതു കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞതു 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈ ക്കോടതി. ബെഞ്ചിന്റെ പരിഗണനയ്ക്കു വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട തീയതി മുതൽ 3 മാസത്തേക്കു നിലനിർത്തണമെന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പിഎസ്സിക്കു നിർദേശം നൽകി.

2 മാസത്തിനുള്ളിൽ പിഎസ്സി നടപടിയെടുക്കണം. 2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്കു കാലാവധി തീരുന്ന വിവിധ ലിസ്റ്റുകൾ സർക്കാർ 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നു. എന്നാൽ, ഏകീകൃത സ്വഭാവമില്ലാത്ത നടപടിയാണിതെന്നും ചില ലിസ്റ്റുകൾക്കു 2 മാസം മാത്രമാണു കിട്ടിയതെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും (കെഎടി) ഹൈക്കോടതിയെയും സമീപിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ കോൺസ്റ്റബിൾ, ഹെൽത്ത് സർവീസ് നഴ്സ് ഗ്രേഡ്-2, എച്ച്എസ്എ അറബിക് (കാസർകോട്), എച്ച്എസ്എ സയൻസ് (മലപ്പുറം) തുടങ്ങി വിവിധ ലിസ്റ്റുകളിലുള്ളവർ ഹർജി നൽകിയെങ്കിലും കെഎടിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുവദിച്ചില്ല.

തുടർന്നുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കെഎടിയുടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഉത്തരവുകൾ നിലനിൽക്കില്ലെന്നു പറഞ്ഞ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പിഎസ്സ്സി നടപടിയിലെ വീഴ്ച സംബന്ധിച്ച് ഡിവിഷൻ ബെഞ്ച് പറയുന്നതിങ്ങനെ.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവാത്ത അസാധാരണ സാഹചര്യമെന്നു ബോധ്യപ്പെട്ടാൽ നടപടിചട്ടം13 (5) പ്രകാരം 3 മാസം മുതൽ ഒന്നര വർഷം വരെ ലിസ്റ്റ് നീട്ടാൻ പിഎസ്സിക്ക് അധികാരമുണ്ട് എന്നാൽ, ഇതനുസരിച്ച് കുറഞ്ഞതു 3 മാസം നീട്ടണമെന്നും ഈ കാലയളവിൽ വരുന്ന ഒഴിവുകളിൽ നിയമന ശുപാർശ നൽകണമെന്നും വ്യവസ്ഥയുണ്ട്. 2021 ഫെബ്രുവരി അഞ്ചിനും 2021 ഓഗസ്റ്റ് മൂന്നിനുമിടയ്ക്കു കാലഹരണപ്പെടുന്ന ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം പിഎസ്സിക്കു ബോധ്യപ്പെട്ട സാ ഹചര്യത്തിൽ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടണമായിരുന്നു.

റിപ്പോർട്ടിങ് തടസ്സപ്പെട്ട കാലയളവ് ലിസ്റ്റിന്റെ യഥാർഥ കാലാവധി യിൽനിന്ന് ഒഴിവാക്കുകയാണു വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ 6 മാസത്തോളം നീട്ടിക്കിട്ടുമായിരുന്നു. കുറഞ്ഞതു 3 മാസമെങ്കിലും കിട്ടുന്ന തരത്തിൽ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം ന്യായമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50076/covid)