---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു"
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50196/kelakam-st-thomas-hss-school"
published_at: "2022-06-21T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1a818000b6_Picsart_22-06-21_16-44-16-179.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

> **Lead Summary:** **കേളകം: **ആസാദിക അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ലോകം മുഴുവന്‍ യോഗയെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളേയും യോഗ പരിശീലിപ്പിച്ച് അവരെ മാനസികമായും ശാരീരികമായും ഒരുക്കുകയാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷക്കാലം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയ അലസത, സ്വഭാവവൈകല്യം, മൊബൈലിനോടുള്ള ആഭിമുഖ്യം എന്നിവ അകറ്റി മാനസികവും ശാരീരികവും ബുദ്ധിപരവുമായ ഉണർവ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗപരിശീലനം നടക്കുന്നത്.2022 മെയ് മാസം രണ്ടാം തീയതി ആരംഭിച്ചതാണ് യോഗ പരിശീലനം.

## Article Content

**കേളകം: **ആസാദിക അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ലോകം മുഴുവന്‍ യോഗയെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളേയും യോഗ പരിശീലിപ്പിച്ച് അവരെ മാനസികമായും ശാരീരികമായും ഒരുക്കുകയാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷക്കാലം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയ അലസത, സ്വഭാവവൈകല്യം, മൊബൈലിനോടുള്ള ആഭിമുഖ്യം എന്നിവ അകറ്റി മാനസികവും ശാരീരികവും ബുദ്ധിപരവുമായ ഉണർവ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗപരിശീലനം നടക്കുന്നത്.2022 മെയ് മാസം രണ്ടാം തീയതി ആരംഭിച്ചതാണ് യോഗ പരിശീലനം.

ആദ്യഘട്ടത്തിൽ പത്താം ക്ലാസിലെയും രണ്ടാംഘട്ടത്തിൽ എട്ടാം ക്ലാസിലെയും ഇപ്പോൾ ഒമ്പതാം ക്ലാസിലെയും കുട്ടികൾക്കാണ് യോഗ പരിശീലനം നൽകുന്നത്. ഒരു ബാച്ചിന് 20 ദിവസത്തെ യോഗ പരിശീലനമാണ് നൽകിവരുന്നത്. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് യോഗ പരിശീലനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. അന്താരാഷ്ട്ര യോഗ പരിശീലകനായ ധനേഷ് എടക്കാനമാണ് കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നത്. ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗ പരിശീലനം നൽകി മാതൃകയായിരിക്കുകയാണ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ഹെഡ്മാസ്റ്റർ എം വി മാത്യു, ഫിസിക്കൽ എഡ്യൂക്കേഷന്‍ അധ്യാപകൻ വിപിൻ ആന്റണി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അഞ്ഞൂറിലധികം കുട്ടികൾ യോഗ പരിശീലനം നേടിക്കഴിഞ്ഞു. യോഗ പരിശീലനത്തിനുശേഷം കുട്ടികളില്‍ പ്രകടമായ മാറ്റങ്ങളാണ് കാണുന്നത്. ഭാരതം ലോകത്തിനു സമ്മാനിച്ച ഏറ്റവും വലിയതും ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതുമായ യോഗയെ അടുത്തറിയുന്നതിനും മാനസികവും ശാരീരികവുമായ ഉണർവ് നേടി പഠനത്തിലും പെരുമാറ്റത്തിലും മിടുക്കരാകുന്നതിനും വേണ്ടിയാണ് കുട്ടികൾ യോഗ പരിശീലിക്കുന്നത്. അതുവഴി, അവരിലെ കുറവുകള്‍ പരിഹരിക്കാം എന്ന് മാത്രമല്ല, മാനസികവും ശാരീരികവും ബുദ്ധിപരവുമായി ഒരുക്കാന്‍ ഈ പരിശീലന പരിപാടികൊണ്ട് സാധിച്ചു എന്ന് മാനേജ്മെന്‍റും പിടിഎയും പറയുന്നു.

കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഊണിലും ഉറക്കത്തിലും എന്നുവേണ്ട പഠനത്തിൽ പോലും കുട്ടികൾ വേണ്ടത്ര ശ്രദ്ധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഒന്നിലും താൽപര്യമില്ലാതെ ഏതോ മായിക ലോകത്തിലൂടെ ആണ് അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സാമൂഹിക പ്രശ്നമായിത്തന്നെ മാറിയിരിക്കുന്നു. രക്ഷിതാക്കൾക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണം കുട്ടികളിൽ ഇല്ലാത്ത സാഹചര്യവുമുണ്ട്. പല രക്ഷിതാക്കളും അസ്വസ്ഥരാണ്. അധ്യാപകരുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.

ശിക്ഷിക്കാനോ കുറവുകൾ ചൂണ്ടിക്കാണിക്കാനോ പോലും അവർക്ക് ഭയമാണ്. ഈ സാഹചര്യം തുടർന്നാൽ പഠനവും ക്ലാസ് റൂം അന്തരീക്ഷവും നിയന്ത്രണരഹിതമാകും എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഒരു മാസം കുട്ടികളെ പഠനത്തിനായി ഒരുക്കുന്നതിനും അവര്‍ക്ക് മാനസികപിന്തുണ നല്‍കുന്നതിനും നിർദ്ദേശിച്ചിട്ടുള്ളത്. ഈ അവസ്ഥ മനസ്സിലാക്കിയാണ് സർക്കാർ നിർദ്ദേശം വരുന്നതിന് മുമ്പേതന്നെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളെ മാനസികമായും ശാരീരികമായും ബുദ്ധിപരമായും ഒരുക്കുന്നതിന് അവധികാല ക്യാമ്പ് ആരംഭിച്ചത്.

സ്കൂളില്‍ നടക്കുന്ന കവാത്ത് പോര്‍മേഷന്‍ ക്യാമ്പിന്‍റെ ഭാഗമായാണ് യോഗ പരിശീലനം നടക്കുന്നത്. ക്യാമ്പില്‍ യോഗ പരിശീലനത്തോടൊപ്പം കായിക പരിശീലനവും മോട്ടിവേഷന്‍ ക്ളാസുകളും നടക്കുന്നുണ്ട്. രക്ഷിതാക്കളുടേയും അധ്യാപകരുടേയും പരിപൂര്‍ണ്ണ പിന്തുണ ക്യാമ്പിനും യോഗ പരിശീലനത്തിനും ലഭിക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ എം വി മാത്യു പറഞ്ഞു. സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ പേരാവൂര്‍ ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ മേരിക്കുട്ടി ജോണ്‍സന്‍ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര യോഗാ പരിശീലകന്‍ ധനേഷ് എടക്കാനം യോഗാദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, അധ്യാപകന്‍ ടൈറ്റസ് പി സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുമാരി ജില്‍ന എം ആര്‍ യോഗാപഠനാനുഭവം പങ്കുവെച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ബിബിന്‍ ആന്‍റണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50196/kelakam-st-thomas-hss-school)