---
title: "സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ"
english_title: "Thaliparmbe district conspiracy held in kanjirangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50804/thaliparmbe-district-conspiracy-held-in-kanjirangad"
published_at: "2022-06-24T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b58b6e93b7e_Picsart_22-06-24_15-31-01-895.jpg"
keywords: []
---

# സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ

> **Lead Summary:** സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂൺ 26, 27 തീയതികളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂൺ 26, 27 തീയതികളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിച്ച് 26ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് പി.വി.എസ്.നമ്പ്യാർ നഗറിൽ മുതിർന്ന അംഗം എ.ആർ.സി മാസ്റ്റർ പതാക ഉയർത്തും. മൂന്ന് മണിക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മണ്ഡലം സെക്രട്ടറി വി. വി.കണ്ണൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞിരങ്ങാട് ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ കെ.എൻ ചാലിൽ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന എക്സി. അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിലംഗം സി.പി.സന്തോഷ്കുമാർ, ജില്ലാ എക്സി. അംഗം വി.കെ.സുരേഷ്ബാബു തുടങ്ങിയവർ സംസാരിക്കും.

പ്രതിനിധി സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം സമാപിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗ ങ്ങളായ എ.പ്രദീപൻ, സി.രവീന്ദ്രൻ, കെ.ടി.ജോസ്, വേലിക്കാത്ത് രാഘവൻ, കെ.വി. ബാബു തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജൂൺ 24-ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തളിപ്പറമ്പ ടൗണിൽ വിളംബരജാഥ നടക്കുമെന്നും മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.വി.ബാബു, കൺവീനർ ഒ.വി.പ്രമോദ്, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ സി.ലക്ഷ്മണൻ, പി.കെ.മുജീബ്റഹ്മാൻ, മണ്ഡലം കമ്മിറ്റിയംഗം ടി.വി.നാരായണൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50804/thaliparmbe-district-conspiracy-held-in-kanjirangad)