---
title: "രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി:കൃഷിനാശം"
english_title: "Wildfires: Crop damage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50812/wildfires-crop-damage"
published_at: "2022-06-24T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b59581708ce_Screenshot_20220624-161321.png"
keywords: []
---

# രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി:കൃഷിനാശം

> **Lead Summary:**  ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഈ വർഷം ആറാമത്തെ പ്രാവശ്യമാണ് ഇടക്കോളനി, കാനംവയൽ, രാജഗിരി എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയെത്തുന്നത്.

## Article Content

 ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഈ വർഷം ആറാമത്തെ പ്രാവശ്യമാണ് ഇടക്കോളനി, കാനംവയൽ, രാജഗിരി എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയെത്തുന്നത്.

കാണിയക്കാരൻ ചന്തു, കുഞ്ഞിരാമൻ, കൊല്ലപ്പള്ളി ഷാജി, ഇളയിടത്ത്, കുഞ്ഞിരാമൻ, മാധവി മുതലായവരുടെ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ മുതലായ കൃഷികൾ നശിപ്പിച്ചു. ഇളയിടത്ത് കുഞ്ഞിരാമന്റെ വീടിന്റെ ഒരു ഭാഗം കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനഭീതിയിൽ കുഞ്ഞിരാമനും കുടുംബവും ഇവിടെ നിന്ന് താമസം മാറിയിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട്‌ മൂടിയ കുടിലിന്റെ ഓലകൾ ആന പൊളിച്ചുനീക്കി. ഇളയിടത്ത് മാധവിയുടെ ചെറിയ കപ്പയും ചുവട് തുരന്ന് കാട്ടാനകൾ തിന്നു. കാര്യങ്കോട് പുഴയ്ക്കും കർണാടകവനത്തിനുമിടയിലുള്ള സ്ഥലമാണ് രാജഗിരി ഇടക്കോളനി.

ഇവിടേയ്ക്ക് ഒരു മുളപ്പാലം മാത്രമാണുള്ളത്. നേരത്തേ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും ഇപ്പോൾ ആറ് കുടുംബങ്ങൾ മാത്രമാണിവിടെയുള്ളത്. വന്യമൃഗശല്യവും ഗതാഗതസൗകര്യമില്ലാത്തതും കാരണം പലരും വീടൊഴിഞ്ഞുപോയി. കാട്ടാനശല്യം മൂലം മറ്റുള്ളവരും ഇവിടെനിന്ന് താമസംമാറേണ്ട സ്ഥിതിയാണ്. വനാതിർത്തിയിലെ സോളാർ വൈദ്യുതവേലി നശിച്ചതാണ് കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങാൻ കാരണം. മരങ്ങൾ ഒടിഞ്ഞുവീണും വള്ളികൾ ചുറ്റിയുമാണ് സോളാർവേലികൾ ഉപയോഗശൂന്യമാകുന്നത്.

ഇത് നന്നാക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. കൃഷിനാശം ഉണ്ടാവുമ്പോൾ സന്ദർശനം നടത്തിപ്പോകുന്നതല്ലാതെ പ്രശ്നപരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി പുളിക്കൽ, സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ.ജോയി, പഞ്ചായത്തംഗം രജിത സജി എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50812/wildfires-crop-damage)