---
title: "ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു"
english_title: "Wild elephant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51000/wild-elephant"
published_at: "2022-06-25T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6c9768ae67_Picsart_22-06-25_14-07-43-749.jpg"
keywords: []
---

# ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

> **Lead Summary:** ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. വലിയവീട്ടിൽ സുരേഷിന്റെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

## Article Content

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. വലിയവീട്ടിൽ സുരേഷിന്റെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

രാത്രിയാണ് കാട്ടാനകൾ കർണാടക വനത്തിൽനിന്ന്‌ കൃഷിയിടത്തിലെത്തിയത്. ബുധനാഴ്ച ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ അകലെയുള്ള രാജഗിരി ഇടക്കോളനിയിൽ കാട്ടാനകളിറങ്ങിയിരുന്നു. വനാതിർത്തിയിൽ തമ്പടിച്ച കാട്ടാനകൾ സ്ഥലങ്ങൾ മാറിമാറി വനാതിർത്തി ഭേദിച്ച് കൃഷിയിടങ്ങളിലെത്തുകയാണ്.

മീന്തുള്ളി റവന്യൂവിൽ കാട്ടാനകളെ പ്രതിരോധിക്കാൻ കിടങ്ങും വൈദ്യുതവേലിയുമുണ്ട്. വൈദ്യുതവേലി തകരാറിലായിട്ട് നാളുകളായി. മണ്ണ് വീണും കാട്ടാനകൾ ചവിട്ടിയിടിച്ചും കിടങ്ങും ഏതാണ്ട് നികന്നിരിക്കുകയാണ്. രണ്ടുവർഷമായി ഇവിടങ്ങളിൽ കാട്ടാനശല്യം ഉണ്ടായിരുന്നില്ലെന്നും ഈ വർഷമാണ് ആന കിടങ്ങ് കടന്ന് വന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

അതിർത്തിയിൽ കർണാടക വനംവകുപ്പ് സ്ഥാപിച്ച കയ്യാല ചവിട്ടിയിടിച്ചാണ് ഇത്തവണ കാട്ടാനകൾ എത്തിയത്. കഴിഞ്ഞമാസം കാര്യങ്കോട് പുഴ കടന്ന് കാട്ടാനകൾ രാജഗിരിയിലെത്തിയത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഇവയെ വനത്തിലേക്ക്‌ തുരത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51000/wild-elephant)