---
title: "വയനാട് ഡിസിസി ഓഫീസില്‍നിന്ന് പോലീസുകാരെ പുറത്താക്കി, മാധ്യമങ്ങളോട് കയർത്ത് വി ഡി സതീശൻ"
english_title: "Wayanad dcc office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51023/wayanad-dcc-office"
published_at: "2022-06-25T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6d92b844e8_Picsart_22-06-25_15-14-40-776.jpg"
keywords: []
---

# വയനാട് ഡിസിസി ഓഫീസില്‍നിന്ന് പോലീസുകാരെ പുറത്താക്കി, മാധ്യമങ്ങളോട് കയർത്ത് വി ഡി സതീശൻ

> **Lead Summary:**  കൽപ്പറ്റ :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡിസിസി ഓഫീസിന് സംരക്ഷണം നൽകാനെത്തിയ പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ പുറത്താക്കി. പോലീസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങൾക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നടപടി.

## Article Content

 കൽപ്പറ്റ :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡിസിസി ഓഫീസിന് സംരക്ഷണം നൽകാനെത്തിയ പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ പുറത്താക്കി. പോലീസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങൾക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നടപടി.

എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'നിങ്ങളുടെ സഹായത്തിൽ ഇത്തരം വൃത്തികേടുകൾ നടത്തിയിട്ട്, നിങ്ങൾ ഞങ്ങൾ സംരക്ഷണം നൽകുകയാണോ, ഒരു പോലീസുകാരനും ഇവിടെ വേണ്ട' ടി.സിദ്ദീഖ് പറഞ്ഞു. 'എന്തിനാണ് ഞങ്ങളുടെ ഓഫീസിന് പോലീസിന്റെ സംരക്ഷണം. ഇന്നലെ അവർക്ക് എംപി ഓഫീസിന് സംരക്ഷണം നൽകാൻ കഴിഞ്ഞോ. ഡിസിസി പ്രസിഡന്റ് മുൻകൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചോ.

എന്നിട്ട് ഇപ്പോഴവർ ഡിസിസി ഓഫീസിന് സംരക്ഷണം നൽകാൻ വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവിന് സംരക്ഷണം നൽകാൻ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്' ഐസി ബാലകൃഷ്ണൻ വ്യക്തമാക്കി. അക്രമിക്കപ്പെട്ട രാഹുലിന്റെ ഓഫീസ് സന്ദർശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടെത്തിയിരുന്നു. സന്ദർശനത്തിന് ശേഷം ഡിസിസി ഓഫീസിൽ സതീശൻ വാർത്താസമ്മേളനം നടത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎസ്പി ഉൾപ്പടെയുള്ള പോലീസുകാരെ ഡിസിസി ഓഫീസിൽ നിന്ന് ഇറക്കിവിട്ടത്.

പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫർ സോൺ വേണമെന്ന് തീരുമാനിച്ചത് ' മുകളിൽ നിന്ന് നിർദ്ദേശം ഉള്ളത് കൊണ്ടാണ് മാർച്ച് നടക്കും എന്നറിഞ്ഞിട്ടും പോലീസ് തടയാതിരുന്നത്. ദേശീയ സംസ്ഥാന തലത്തിൽ ഉണ്ടായ പ്രതിഷേധവും പ്രതിരോധവും കണ്ടാണ് സിപിഎം പിന്നീട് ആക്രമണത്തെ അപലപിച്ചതെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്ഐക്കാരുടെ ആക്രമണത്തിന് ശേഷമാണ് എംപി ഓഫീസിൽ എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ടെന്ന ചോദ്യത്തിന് വി.ഡി.സതീശൻ പ്രകോപിതനായി. അക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 എസ്എഫ്ഐക്കാരെ ഇന്ന് റിമാൻഡ് ചെയ്തു. കൽപറ്റ മുൻസിഫ് കോടതി ഇവരെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51023/wayanad-dcc-office)