ഇരിട്ടി: പുതിയ പാലം വന്നതോടെ ആരും തിരിഞ്ഞു നോക്കാതെ അപകടാവസ്ഥയിലായ പഴയ പാലം ഇരിട്ടിയിലെ ഓട്ടോ തൊഴിലാളികൾ ശുചീകരിച്ചു. രാഷ്ട്രീയവും യൂണിയനുകളും നോക്കാതെ ഒന്നിച്ചെത്തിയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ ശനിയാഴ്ച പാലം ശുചീകരിച്ചത്. ഒൻപത് പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന ഇരിട്ടി പഴയ പാലം സംരക്ഷിക്കാൻ ആളില്ലാതെ ഇന്ന് അപകടാവസ്ഥയിലാണ്.
പുതിയപാലം പ്രാവർത്തികമാകുന്നതോടെ ഇരിട്ടിയുടെ മുഖമുദ്രയായ പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പൊതുമരാമത്തു വകുപ്പും കെ എസ് ടി പി യും പറഞ്ഞിരുന്നുവെങ്കിലും ഇതെല്ലാം പാഴ് വാക്കായ അവസ്ഥയിലാണ്. മഴയിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി തീർത്ത പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള ഓവുകൾ അടഞ്ഞ് ചെളിവെള്ളം കെട്ടിനിന്നും കാടുകൾ വളർന്നും കാൽനടയാത്രക്കാർക്കും വാഹങ്ങൾക്കും കടന്നു പോകാൻ വയ്യാത്തവിധം അപകടാവസ്ഥയിലായിരുന്നു.
ഇത് തിരിച്ചറിഞ്ഞ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ സംയുക്തമായി എത്തി പാലം ശുചികരിക്കുകയായിരുന്നു. ശുചീകരണ പ്രവർത്തികൾക്ക് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികളായ കെ.എം. രാജീവൻ, സുരേന്ദ്രൻ അത്തിക്ക, മനോജ് വിളമന, ചന്ദ്രൻ പുത്തലത്ത്, പ്രസാദ് കൂലോത്ത്, പി. വിജേഷ്, പ്രേമൻ വിളമന, ഉണ്ണി പുതുശ്ശേരി, എം. വേണുഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Iritty bridge cleaning