---
title: "പശുവിതരണ പദ്ധതിയില്‍ ക്രമക്കേട് :  ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍"
english_title: "Suspension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51128/suspension"
published_at: "2022-06-26T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b79d31450fe_images_(2).jpeg"
keywords: []
---

# പശുവിതരണ പദ്ധതിയില്‍ ക്രമക്കേട് :  ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

> **Lead Summary:** **കാസര്‍ഗോഡ്: **പശുവിതരണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇന്‍സ്‌പെക്‌ടര്‍ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്‌.

## Article Content

**കാസര്‍ഗോഡ്: **പശുവിതരണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇന്‍സ്‌പെക്‌ടര്‍ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്‌.

കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ പശു വിതരണ പദ്ധതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു. പദ്ധതി പ്രകാരം പശുവിന്റെ വിലയുടെ പകുതിയോ, പരമാവധി 30,000 രൂപയോ ഒരാള്‍ക്ക് സബ്സിഡിയായി ലഭിക്കണം. എന്നാല്‍, സബ്‌സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധിപേര്‍ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സബ്സിഡിയായി അനുവദിക്കേണ്ട തുക നിര്‍വഹണ ഉദ്യോഗസ്‌ഥനായ ബിനു മോന്‍ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. പണം എത്തിയ ഉടനെ തുക പിന്‍വലിച്ച്‌ അവര്‍ ബിനുമോന് നല്‍കുകയും ചെയ്‌തു.

ഇതിനിടെ, അപേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ ചിലര്‍ക്ക് ചെറിയ തുകകള്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഭൂരിഭാഗം പേര്‍ക്കും ഒരുരൂപ പോലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്‌ഥന് എതിരെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51128/suspension)