---
title: "ചെലവ് ചുരുക്കൽ ഫലം കണ്ടു: കെഎസ്ഇബിക്ക് 20 കോടി ലാഭം "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51332/kseb"
published_at: "2022-06-27T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b904cc4dee8_n39895307016562922875613263f13ed0eea68f2c22a3588be54f54359a13f1bbb95974dfef5b1980b6f22d.jpg"
keywords: []
---

# ചെലവ് ചുരുക്കൽ ഫലം കണ്ടു: കെഎസ്ഇബിക്ക് 20 കോടി ലാഭം 

> **Lead Summary:** **തിരുവനന്തപുരം:** കെ.എസ്.ഇ.ബിയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായി റെഗുലേറ്ററി കമീഷന്‍ വിലയിരുത്തല്‍.

## Article Content

**തിരുവനന്തപുരം:** കെ.എസ്.ഇ.ബിയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായി റെഗുലേറ്ററി കമീഷന്‍ വിലയിരുത്തല്‍.

2020-21 വര്‍ഷത്തില്‍ കെ.എസ്.ഇ.ബിക്ക് 20 കോടി രൂപയുടെ പ്രവര്‍ത്തനലാഭം (റെഗുലേറ്ററി ഓപറേഷനല്‍ പ്രോഫിറ്റ്) ഉണ്ടായതായി റെഗുലേറ്ററി കമീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് അറിയിച്ചു. മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ട് വൈദ്യുതി വാങ്ങാനുള്ള നടപടികളും ചെലവുചുരുക്കല്‍ പദ്ധതികളും കാര്യക്ഷമമാക്കിയാല്‍ നഷ്ടത്തില്‍നിന്ന് വേഗം കരകയറാനാകുമെന്നാണ് പ്രതീക്ഷ. റെഗുലേറ്ററി കമീഷ‍െന്‍റ മാര്‍ഗരേഖ പ്രകാരമുള്ളതിനേക്കാള്‍ അധികം ജീവനക്കാരാണ് ഇപ്പോള്‍ കെ.എസ്.ഇ.ബിയിലുള്ളത്.

കെ.എസ്.ഇ.ബി കണക്ക് പ്രകാരം ശമ്ബളം വാങ്ങുന്ന 33,600ഓളം ജീവനക്കാരുണ്ട്. എന്നാല്‍ കമീഷന്‍ അനുവദിച്ചത് 27,175 മാത്രമാണ്. പ്രവര്‍ത്തനലാഭം 20 കോടിയുണ്ടെങ്കിലും സി.എ.ജി അടക്കം ഓഡിറ്റില്‍ നഷ്ടമാണെന്ന വിലയിരുത്തലാണുള്ളത്. ദശാബ്ദങ്ങള്‍ക്കുശേഷം ജലവൈദ്യുതോല്‍പാദന രംഗത്തുള്‍പ്പെടെ പുത്തനുണര്‍വുണ്ടാക്കാന്‍ കഴിഞ്ഞു.

ആഭ്യന്തര വൈദ്യുതി ഉല്‍പാദനശേഷിയില്‍ 156.16 മെഗാവാട്ടി‍െന്‍റ വര്‍ധന കൈവരിച്ചു. ഇതില്‍ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുതി പദ്ധതികളും 117.66 മെഗാവാട്ടി‍െന്‍റ സൗരോര്‍ജ പദ്ധതികളും ഉള്‍പ്പെടുന്നു. ഇതി‍െന്‍റ ഫലമായി പവര്‍കട്ടില്ലാത്ത വര്‍ഷമാണ് കടന്നുപോയത്. സ്ഥാപനം ലാഭത്തിലായാല്‍ അതി‍െന്‍റ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പെന്‍ഷന്‍ ഫണ്ടില്‍ വന്‍തുക കുടിശ്ശിക അടയ്ക്കാനുണ്ട്. അത് പൂര്‍ണമായും നിക്ഷേപിച്ചശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂ. വൈദ്യുതി നിരക്ക് യൂനിറ്റിന് ശരാശരി 32 (6.6 ശതമാനം) പൈസ ഇപ്പോള്‍ വര്‍ധിപ്പിച്ചതിലൂടെ 1000 കോടിയുടെ അധികവരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കുള്ള വര്‍ധനയാണ് പരിഗണിച്ചതെങ്കിലും കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ 2022-23 വര്‍ഷത്തേത് മാത്രമാണ് പ്രഖ്യാപിച്ചത്. യൂനിറ്റിന് 98 പൈസയുടെ വര്‍ധന വേണമെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51332/kseb)