---
title: "ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തുറമുഖങ്ങളിലും ഉപേക്ഷിക്കപ്പെട്ട   ഫൈബർ വള്ളങ്ങൾ നീക്കും"
english_title: "Abandoned in fish landing centers and harbors Fiber boats will move"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51687/abandoned-in-fish-landing-centers-and-harbors-fiber-boats-will-move"
published_at: "2022-06-28T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baee7ddb9f4_images_(7).jpeg"
keywords: []
---

# ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തുറമുഖങ്ങളിലും ഉപേക്ഷിക്കപ്പെട്ട   ഫൈബർ വള്ളങ്ങൾ നീക്കും

> **Lead Summary:** **കണ്ണൂർ** :ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തുറമുഖങ്ങളിലും ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേർക്കാൻ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിൽ തീരുമാനമായി.

## Article Content

**കണ്ണൂർ** :ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തുറമുഖങ്ങളിലും ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേർക്കാൻ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിൽ തീരുമാനമായി.

ജനപ്രതിനിധികൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ഫിഷറീസ്, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാവും യോഗം. സുരക്ഷയ്ക്കും പരിസ്ഥിതിക്കും, പൊതുജനാരോഗ്യത്തിനും ഇത്തരം വള്ളങ്ങൾ ദോഷം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന ഇടങ്ങളായും മയക്കുമരുന്ന് ഇടപാടുകാരുടെ ഒളിയിടങ്ങളായും മറ്റും ഇവ മാറുന്നു. മറ്റ് യാനങ്ങൾക്ക് ഇത്തരം വള്ളങ്ങൾ തടസ്സം സൃഷ്ടിക്കുന്നതായും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെ സ്ഥലം അപഹരിക്കുന്നതായും യോഗത്തിൽ അഭിപ്രായമുയർന്നു. 

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യോഗം. മത്സ്യത്തൊഴിലാളികൾക്കുള്ള ബയോമെട്രിക് കാർഡ് വിതരണം പുനഃസ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. വള്ളങ്ങളിലെ കളർ കോഡിങ് പൂർണമായും നടപ്പിലാക്കും. ലൈസൻസ് പുതുക്കുന്ന സമയം കളർ കോഡും നിർബന്ധമാക്കും. ഫിഷ് ലാൻഡിംഗ് സെന്ററുകളിലെ വൾനറബിലിറ്റി കമ്മിറ്റി യോഗം വിളിച്ച് ചേർക്കും. ഫിഷ് ലാൻഡിംഗ് സെന്ററുകൾക്ക് ചുറ്റുമതിൽ കെട്ടുന്നത് സംബന്ധിച്ച് പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. വെസൽ മോണിറ്ററിംഗ് സംവിധാനം സ്ഥാപിക്കാൻ യാനമുടമകൾക്ക് നിർദേശം നൽകും. ഇത് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. 

ജില്ലയിലെ മുഴുവൻ ഫിഷ് ലാൻഡിംഗ് സെന്ററുകളിലും സി സി ടി വി ക്യാമറകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കൽ ഈ വർഷം ആരംഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു. അഴീക്കൽ തുറമുഖത്ത് തീരദേശ പൊലീസിനായി ബോട്ട് ജെട്ടി നിർമ്മിക്കുന്നത് സംബന്ധിച്ച് ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം സർക്കാരിന് നിർദേശം സമർപ്പിച്ചതായി യോഗത്തെ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് കാർഡ് വിതരണം ജൂലൈയിൽ തുടങ്ങുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തീരദേശ പൊലീസ്, കോസ്റ്റ് ഗാർഡ് പ്രതിനിധികൾ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51687/abandoned-in-fish-landing-centers-and-harbors-fiber-boats-will-move)