---
title: "കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി"
english_title: "The fishermen were rescued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52125/the-fishermen-were-rescued"
published_at: "2022-06-30T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd85b6e5c4f_IMG-20220630-WA0203.jpg"
keywords: []
---

# കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

> **Lead Summary:** **കണ്ണൂര്‍: **തലശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ തലശ്ശേരി തീരദേശ പോലീസ്സും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 6.30 മണിക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്ന നന്ദനം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**കണ്ണൂര്‍: **തലശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ തലശ്ശേരി തീരദേശ പോലീസ്സും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 6.30 മണിക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്ന നന്ദനം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

തലശ്ശേരി തലായി ഹര്‍ബറില്‍ നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ആയ തലശ്ശേരി പാലയാട് സ്വദേശി മനോജ്, തലശ്ശേരി ചാലില്‍ സ്വദേശി ഉസ്സന്‍, ഓഡിഷ സ്വദേശി ബാപ്പുണ്ണി എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി തിരികെയെത്തിച്ചത്.

അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം തലശ്ശേരി തീരദേശ പോലീസ് തലായി ഹാര്‍ബറില്‍ എത്തിച്ചു. തലായി ഹാര്‍ബറില്‍ നിന്നും 6 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഗോപാല്‍പേട്ട ഹര്‍ബറിലേക്ക് വരുന്ന വഴിയാണ് വള്ളം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ മറിഞ്ഞ വള്ളത്തിലെ കയറില്‍ പിടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടവിവരം അറിഞ്ഞ തലശ്ശേരി തീരദേശ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ ബിജു പ്രകാശിന്‍റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മത്സ്യബന്ധനതൊഴിലാളികളെ രക്ഷപ്പെടുത്താനായത്.

മൂന്നു മത്സ്യബന്ധനതൊഴിലാളികളെയും തീരദേശ പോലീസ് റസ്ക്യു ബോട്ടില്‍ തലായി ഹാര്‍ബറിലും പിന്നീട് തലശ്ശേരി ഗവണ്‍മെന്‍റ് ഹോസ്പിറ്റലിലും എത്തിച്ചു പ്രഥമ ശിശ്രൂഷ നല്കി. തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ  എസ് ഐ മാരായ വിനോദ് കുമാര്‍ എ, പ്രമോദ് പി വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിനില്‍ വി കെ, ഷിനില്‍ പി വി, രജീഷ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സരോഷ്, നിരഞ്ജന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റു      എ എസ് ഐ  ക്ലീറ്റസ് റോച്ച,  സി പി ഒ ദില്‍ജിത്ത്, ഗാര്‍ഡുമാരായ സനിത്ത് ടി പി, ദിജേഷ്, ബോട്ട് സ്രാങ്ക് തദയൂസ്, ദേവദാസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52125/the-fishermen-were-rescued)