---
title: "കുടകിൽ വീണ്ടും ഭൂചലനം;ആശങ്കയിൽ നാട്ടുകാർ"
english_title: "Earthquake again in Kotak; "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52457/earthquake-again-in-kotak"
published_at: "2022-07-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bff8332994c_1656748068555.jpg"
keywords: []
---

# കുടകിൽ വീണ്ടും ഭൂചലനം;ആശങ്കയിൽ നാട്ടുകാർ

> **Lead Summary:**  **കാസർകോട്: **കുടകിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭൂചലനമുണ്ടായ മേഖലയിൽ ഇന്നലെ പുലർച്ചെ 1.15നും രാവിലെ 10.47നും വീണ്ടും നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 1.8, 2.1 മാത്രം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ചലനങ്ങളാണ് ഇന്നലെ ഉണ്ടായത്.

## Article Content

 **കാസർകോട്: **കുടകിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭൂചലനമുണ്ടായ മേഖലയിൽ ഇന്നലെ പുലർച്ചെ 1.15നും രാവിലെ 10.47നും വീണ്ടും നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 1.8, 2.1 മാത്രം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ചലനങ്ങളാണ് ഇന്നലെ ഉണ്ടായത്.

സംപാജെ, ഗുത്തിഗാരു, ഉബറഡുക്ക, ഗൂണഡുക്ക, എലിമലെ, സുള്ള്യ ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ശബ്ദം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. കുടകിലെ ചെംബു ഗ്രാമത്തിലും സമീപത്തുമുള്ളവർ വലിയ ആശങ്കയിലാണ്. ബെംഗളൂരുവിലെ കർണാടക സംസ്ഥാന നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ സംഘം കുടകിൽ പഠനം നടത്തുന്നുണ്ട്. 2018ലെ മഴക്കാലത്ത് മടിക്കേരി താലൂക്കിൽ വ്യാപകമായി മണ്ണിടിച്ചിലും മറ്റുമുണ്ടായിരുന്നു.കുടക്, സുള്ള്യ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ തുടർ ഭൂചലനങ്ങളിൽ കാസർകോട് കൂടുതൽ പഠനം നടത്താൻ അധികൃതർ. കുടകിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ജില്ലയുടെ മലയോര മേഖലകളിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ ജിയോളജി വകുപ്പ് അധികൃതർ പനത്തടി, ബളാൽ തുടങ്ങിയ മേഖലകൾ സന്ദർശിച്ചിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാനും വിശദമായ പഠനം നടത്താനും തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിനോട് കലക്ടർ വഴി അഭ്യർഥിക്കുമെന്നാണ് അധികൃതർ പറഞ്ഞത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ കുടകിലെ ചെംബു ഗ്രാമത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും പഠനങ്ങൾ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52457/earthquake-again-in-kotak)