---
title: "കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം"
english_title: "Fishermen alert on Kerala-Lakshadweep-Karnataka coasts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52519/fishermen-alert-on-kerala-lakshadweep-karnataka-coasts"
published_at: "2022-07-02T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c032d6c4e11_images_(4).jpeg"
keywords: []
---

# കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം** : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ രണ്ട് മുതൽ ആറ് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

## Article Content

**തിരുവനന്തപുരം** : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ രണ്ട് മുതൽ ആറ് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ജൂലൈ രണ്ട് മുതൽ ആറ് വരെ: തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂലൈ രണ്ട് മുതൽ നാല് വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ജൂലൈ മൂന്ന് രാത്രി 11.30 വരെ 3.3 മീറ്റർ മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52519/fishermen-alert-on-kerala-lakshadweep-karnataka-coasts)