---
title: "പയ്യാവൂര്‍ പുഴയില്‍ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of a missing youth who fell into the Payyavur river has been found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5278/the-body-of-a-missing-youth-who-fell-into-the-payyavur-river-has-been-found"
published_at: "2021-10-15T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61691a4c75cd3_PicsArt_10-15-11.34.34.jpg"
keywords: []
---

# പയ്യാവൂര്‍ പുഴയില്‍ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:**  ശ്രീകണ്ഠാപുരം: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിലെ ഒഴുക്കില്‍ വീണു കാണാതായ ഇരിക്കൂര്‍ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.

## Article Content

 ശ്രീകണ്ഠാപുരം: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിലെ ഒഴുക്കില്‍ വീണു കാണാതായ ഇരിക്കൂര്‍ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.

ഇരിക്കൂര്‍ കൃഷിവകുപ്പ് ഓഫിസ് അസിസ്റ്റാന്റായ കരിമ്പക്കണ്ടിയില്‍ മല്ലിശേരി അനില്‍ കുമാറിന്റെ മൃതദേഹമാണ് രണ്ടു ദിവസം നടത്തിയ തെരച്ചിലിനിടയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വെമ്പുവ പാലത്തിന് സമീപം വെച്ചു കണ്ടെത്തിയത്.

അപകടം നടന്ന പാലത്തില്‍ നിന്ന് രണ്ടു കിലോ മീറ്ററിലധികം താഴ്ന്ന ഭാഗത്തു നിന്നും വെമ്പുവ പാലത്തിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലിസും മുങ്ങല്‍ വിദഗ്ദ്ധരും നടത്തിയ തെരച്ചിലിനാണ് അവസാനമായത്.

കഴിഞ്ഞ പന്ത്രണ്ടിന് രാത്രി എട്ടുമണിയോടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന അനില്‍ കുമാര്‍ പണിപൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റു പാലത്തിനു സമീപമുള്ള മുളപ്പാലം കടക്കവേ കാല്‍ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു. ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തിയത്.

13ന് അനില്‍കുമാറിന്റെ പണവും രേഖകളുമടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു. മുപ്പത്തിനാലുവയസുകാരനായ അനില്‍കുമാറിന്റെ ദുരന്തം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മലയോരത്ത് അതിശക്തമായി പെയ്ത മഴയില്‍ കുത്തിയൊലിച്ചു ഒഴുകുകയായിരുന്നു പുഴ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5278/the-body-of-a-missing-youth-who-fell-into-the-payyavur-river-has-been-found)