പത്തനംതിട്ട : ഉതിമൂട് മാർത്തോമ്മാ പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ ഇടിതാങ്ങിയിൽ (ക്രാഷ് ബാരിയർ) ഇടിച്ചു കയറി 2 യുവാക്കൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു.റാന്നി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മണ്ണാരത്തറ മരോട്ടിപതാലിൽ എം.ബി.കൃഷ്ണൻകുട്ടിയുടെ മകൻ യദു കൃഷ്ണ (18), മണ്ണാരത്തറ മാലിപ്പുറം (മാലിയിൽ) എം.ജെ.വർഗീസിന്റെ (ബിജു) മകൻ സിജോ (18) എന്നിവരാണ് മരിച്ചത്.
കാറിന്റെ പിന്നിലെ ചില്ല് തകർന്ന് ഇവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ അജയൻ (37), പ്രിൻസ് (37) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന മോബിൻ മാത്യു, മുൻ സീറ്റിലിരുന്ന ജിബിൻ എന്നിവർക്ക് കാര്യമായ പരുക്കില്ല.പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ 2.30ന് ആണ് സംഭവം. റാന്നിയിൽ നിന്ന് കോന്നിയിലേക്കു പോയ കാറിന്റെ മുൻവശം ഇടിതാങ്ങിയിൽ ഇടിച്ചു.
തുടർന്ന് റോഡിലേക്ക് ഓടിക്കയറിയ കാർ നിയന്ത്രണം വിട്ടു പിന്നിലേക്കുവന്ന് വീണ്ടും ഇടിതാങ്ങിയിൽ ഇടിച്ചു. കാറിന്റെ പിന്നിൽ നിന്ന് 2 പേർ തെറിച്ച് 4 മീറ്ററോളം അകലെ കൈത്തോടിന്റെ കരയിലെ പുരയിടത്തിൽ വീണത്. വീണ്ടും മുന്നിലേക്കു പോയ കാർ റോഡിൽ ഇടിച്ചു നിന്നു. ഇതിനിടെ മറ്റു 2 പേർ കൂടി റോഡിൽ തെറിച്ചു വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വാഹനം ഓടിച്ചിരുന്ന മോബിൻ പറഞ്ഞപ്പോഴാണ് 2 പേർ തെറിച്ചു പുരയിടത്തിൽ വീണത് സമീപവാസികൾ അറിഞ്ഞത്. ഓടിക്കൂടിയവരാണ് ഇവരെ എടുത്തത്. പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് യദുയും സിജോയും മരിച്ചത്.യദുവിന്റെ മാതാവ്: റാന്നി മുൻസിഫ് കോടതി ഉദ്യോഗസ്ഥ സ്മിത. സഹോദരി: നിദി കൃഷ്ണ. സിജോയുടെ മാതാവ്: ലിസി. സഹോദരി: സ്നേഹ.യദുകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച 11ന് നടക്കും.
Caraccidentanddeath