---
title: "ഡിജിറ്റൽ കണ്ണൂർ: ബാങ്ക് ഇടപാടുകൾ   പൂർണമായി ഡിജിറ്റലാക്കുന്നു"
english_title: "Digital Kannur: Bank Transactions Fully digitized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52924/digital-kannur-bank-transactions-fully-digitized"
published_at: "2022-07-04T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2d7268fd2f_digital_banking_logo.jpg"
keywords: []
---

# ഡിജിറ്റൽ കണ്ണൂർ: ബാങ്ക് ഇടപാടുകൾ   പൂർണമായി ഡിജിറ്റലാക്കുന്നു

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ലോഗോ കണ്ണൂർ കനറാ ബാങ്ക് ഹാളിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ കെ സുധാകരൻ എംപി പ്രകാശനം ചെയ്തു.

## Article Content

**കണ്ണൂർ: **ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുടെ ലോഗോ കണ്ണൂർ കനറാ ബാങ്ക് ഹാളിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ കെ സുധാകരൻ എംപി പ്രകാശനം ചെയ്തു.

ഡിജിറ്റൽ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗത്തിൽ ആരംഭം കുറിച്ചത്. ഡിജിറ്റലൈസേഷന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ ബാങ്കുകൾ ഗ്രാമങ്ങൾ തോറും അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കൃഷി, ചെറുകിട വ്യവസായം വിദ്യാഭ്യാസം എന്നീ അടിസ്ഥാന മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾ പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. പേപ്പർ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാർ ഇടപാടുകൾ ആഗസ്റ്റ് 15 ഓടെ സമ്പൂർണമായും ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇത്തരമൊരു പ്രവർത്തനം നടക്കുന്നത്. റിസർവ് ബാങ്കിന്റെ 2019 ഒക്ടോബർ നാലിലെ ദ്വിമാസ ധനനയത്തിലെ നിർദേശത്തിന്റെ ഭാഗമായി കേരളത്തിൽ തൃശൂർ, കോട്ടയം ജില്ലകൾ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു.

നിലവിലുള്ള സേവിങ്‌സ്, കറന്റ് അക്കൗണ്ട് ഇടപാടുകാർക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റൽ മാധ്യമം വഴി ബാങ്ക് ഇടപാടുകൾ വേഗത്തിൽ സുരക്ഷിതവും സുതാര്യവുമായി നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്ങ്, മൊബൈൽ ബാങ്കിങ്ങ്, യുപിഐ, ക്യു ആർ കോഡ്, യു എസ് എസ് ഡി, ആധാർ അധിഷ്ഠിത പെയ്‌മെൻറ് സംവിധാനം മുതലായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എല്ലാവിധ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, കർഷകർ ദിവസവേതനക്കാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിന് വേണ്ട ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഉടനീളം സംഘടിപ്പിക്കും. ലീഡ് ബാങ്കിന്റെയും സർക്കാർ ഏജൻസികളുടെയും ബാങ്ക് ശാഖകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അംഗീകൃത ഏജൻസികളുടെയും മേൽനോട്ടത്തിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. 

ഡെപ്യൂട്ടി കലക്ടർ (എൽആർ) എ രാധ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് മാനേജർ പി അശോക് പദ്ധതി വിശദീകരണം നടത്തി. കനറാ ബാങ്കിന്റെ കണ്ണൂർ ജില്ല മേധാവി എ യു രാജേഷ്, ജില്ലാ ലീഡ് ബാങ്ക് ഡിവിഷനൽ മാനേജർ ടി എം രാജ്കുമാർ, നബാർഡ് ഡിഡിഎം ജിഷിമോൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52924/digital-kannur-bank-transactions-fully-digitized)