---
title: " മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53221/died"
published_at: "2022-07-06T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4da4416e27_images.jpeg"
keywords: []
---

#  മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **നെടുങ്കണ്ടം**: ഇടുക്കി നെടുങ്കണ്ടത്ത് മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണത്തെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് വ്യക്തമാക്കി.

## Article Content

**നെടുങ്കണ്ടം**: ഇടുക്കി നെടുങ്കണ്ടത്ത് മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണത്തെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം മോഷ്ടാവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന സിസിടിവി ദൃശ്യം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളില്‍ ജോസഫി (56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ 4നും 5നും ഇടയിലാണു സംഭവം.ഉടുമ്ബന്‍ചോല ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്ബില്‍ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മകള്‍ക്കു നല്‍കാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചതറിഞ്ഞാണു ജോസഫ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 6,000 രൂപയും ഫ്രിജില്‍ സൂക്ഷിച്ചിരുന്ന മാംസവുമാണു മോഷണം പോയത്.ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട ശേഷമാണ് സമീപത്ത് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; കവര്‍ച്ചയ്ക്കിടെ ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്കോടി.

പിന്തുടരുന്നതിനിടെ രാജേന്ദ്രനും ജോസഫും തമ്മില്‍ മല്‍പിടിത്തമുണ്ടായി. രാജേന്ദ്രന്റെ കവിളില്‍ കടിച്ചു പരുക്കേല്‍പിച്ചശേഷം ജോസഫ് രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ ജോസഫിനൊപ്പം മറ്റൊരു യുവാവുമുണ്ടായിരുന്നെന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പരിസരവാസികള്‍ പറയുന്നു. ജോസഫിനെ 200 മീറ്റര്‍ മാറി മറ്റൊരു വീടിന്റെ പരിസരത്താണു പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികളായ 7 പേരുടെ മൊഴി പൊലീസ് ശേഖരിച്ചു. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പുസ്വാമി അറിയിച്ചു. എസ്‌എച്ച്‌ഒമാരായ ഫിലിപ് സാം, ബി.എസ്.ബിനു എന്നിവര്‍ സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53221/died)