---
title: "രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം"
english_title: "Bail for SFI workers who attacked Rahul Gandhi's MP office in Kalpatta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53336/bail-for-sfi-workers-who-attacked-rahul-gandhis-mp-office-in-kalpatta"
published_at: "2022-07-06T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5715035bfd_images_(9).jpeg"
keywords: []
---

# രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

> **Lead Summary:** **കൽപറ്റ** : രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

## Article Content

**കൽപറ്റ** : രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ, രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കു നടന്ന അക്രമം ഗുരുതര വീഴ്ചയെന്നു വിലയിരുത്തി എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തിയതു ഗുരുതര വീഴ്ചയാണെന്നു വിലയിരുത്തിയായിരുന്നു നടപടി. പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിക്കു പകരം ഏഴംഗ താൽക്കാലിക കമ്മിറ്റിക്കു രൂപംനൽകുകയും ചെയ്തു.

സംഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള പ്രതിഷേധമായിരുന്നുവെന്നാണു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. പ്രതിഷേധത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കപ്പെട്ടു. സംഘടനയ്ക്കാകെ അവമതിപ്പുണ്ടാക്കി. ബഫർ സോൺ എന്നതു ദേശീയ തലത്തിലുള്ള വിഷയമാണെന്നിരിക്കെ ദേശീയ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽനിന്നു വയനാട് ജില്ലാ കമ്മിറ്റി വ്യതിചലിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53336/bail-for-sfi-workers-who-attacked-rahul-gandhis-mp-office-in-kalpatta)