---
title: "കോട്ടയം പഞ്ചായത്തിൽ കുരുമുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി"
english_title: "Pepper village project started in Kottayam panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53345/pepper-village-project-started-in-kottayam-panchayat"
published_at: "2022-07-06T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c578e2941d0_kottayam_panchayath.jpeg"
keywords: []
---

# കോട്ടയം പഞ്ചായത്തിൽ കുരുമുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ : **കോട്ടയം ഗ്രാമപഞ്ചായത്തിൽ കുരുമുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

## Article Content

**കണ്ണൂർ : **കോട്ടയം ഗ്രാമപഞ്ചായത്തിൽ കുരുമുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ആർ ഷീല കുരുമുളക് തൈകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 14 വാർഡുള്ള പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സൗജന്യമായി തൈകൾ എത്തിച്ചു. നാഗപതി എന്ന ദ്രുത പ്രവർത്തന രീതിയിലൂടെ നിർമ്മിച്ച അത്യുൽപാദന ശേഷിയുള്ളതും ഒന്നര വർഷം കൊണ്ട് കായ്ഫലം തരുന്നതുമായ പന്നിയൂർ കുരുമുളകിന്റെ 1 മുതൽ 10 വരെയുള്ള ഇനങ്ങളാണ് വിതരണം ചെയ്തത്. സ്ഥലപരിമിതിയുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയുന്ന കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ആവശ്യമായ സഹായങ്ങൾ കൃഷിഭവൻ മുഖേന തുടർന്നും ലഭ്യമാക്കും. കൃഷിയിൽ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞാൽ കോട്ടയതനിമ എന്ന പേരിൽ മുല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കാനും ആലോചനയുണ്ട്. വീട്ടാവശ്യം കഴിഞ്ഞുള്ളവ വിപണിയിൽ വിറ്റഴിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി രാജീവൻ അധ്യക്ഷനായി. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി യാമിനി വർമ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ധർമ്മജ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ദീപ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ അബൂബക്കർ, പഞ്ചായത്തംഗം പി സി ഷൈജ, കത്തുപറമ്പ് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ മാത്യൂ, കോട്ടയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹനൻ, കൃഷി ഓഫീസർ പി എസ് സ്വരൂപ്, പഞ്ചായത്ത് സെക്രട്ടറി പി എൻ മഞ്ജുഷ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53345/pepper-village-project-started-in-kottayam-panchayat)