---
title: "പുതുപാതകൾ തുറന്ന് പുതുവേഗം നൽകി   കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്"
english_title: "New paths were opened and new speed was given Artificial Organ Manufacturing Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53349/new-paths-were-opened-and-new-speed-was-given-artificial-organ-manufacturing-unit"
published_at: "2022-07-06T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c57f036dfdc_dt_hospital.jpg"
keywords: []
---

# പുതുപാതകൾ തുറന്ന് പുതുവേഗം നൽകി   കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്

> **Lead Summary:** **കണ്ണൂർ** : അപകടം മൂലമോ ജന്മനാലോ നേരിട്ട ശാരീരിക വൈകല്യങ്ങൾ കൊണ്ട് ജീവിതത്തോട് പൊരുതുന്നവർക്ക് മുന്നിൽ അതിജീവനത്തിന്റെ വഴി തുറന്ന് കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്. വിപണിയിൽ ഒരു ലക്ഷത്തിലധിരം രൂപ വിലയുള്ള ആധുനിക കാലുകൾ സൗജന്യമായി നൽകുന്ന ഈ യൂനിറ്റ് ഇതുവരെ ആയിരത്തിലധികം പേർക്കാണ് ആശ്വാസമേകിയത്.

## Article Content

**കണ്ണൂർ** : അപകടം മൂലമോ ജന്മനാലോ നേരിട്ട ശാരീരിക വൈകല്യങ്ങൾ കൊണ്ട് ജീവിതത്തോട് പൊരുതുന്നവർക്ക് മുന്നിൽ അതിജീവനത്തിന്റെ വഴി തുറന്ന് കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്. വിപണിയിൽ ഒരു ലക്ഷത്തിലധിരം രൂപ വിലയുള്ള ആധുനിക കാലുകൾ സൗജന്യമായി നൽകുന്ന ഈ യൂനിറ്റ് ഇതുവരെ ആയിരത്തിലധികം പേർക്കാണ് ആശ്വാസമേകിയത്.

1993ലാണ് ജില്ലാ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. വർഷങ്ങളോളം പരമ്പരാഗത രീതിയിലുള്ള കാലുകൾ നിർമ്മിച്ച് നൽകി. ഇവ സുഗമമായ ചലനത്തിന് പലപ്പോഴും തടസ്സമായിരുന്നു. ഇതോടെ ജൂൺ മാസത്തിൽ മോഡുലാർ പ്രൊസ്തസിസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയിൽ കൃത്രിമ അവയവ നിർമ്മാണം തുടങ്ങി. ഇവ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മറ്റുള്ളവർക്കും നിലവിൽ സൗജന്യമാണ്. 

രോഗിക്ക് പരിശീലനം നൽകുന്നതിലൂടെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് ആധുനിക നിർമ്മാണ രീതിയുടെ പ്രത്യേകത. സുഗമമായി ചലിപ്പിക്കാനും സാധിക്കും. വ്യക്തിയുടെ കൃത്യമായ അളവെടുത്ത് അലൂമിനിയം, ഫൈബർ എന്നിവ കൊണ്ടാണ് നിർമ്മിക്കുന്നത്. ഏഴ് ദിവസത്തെ പരിശീലനം കഴിഞ്ഞാൽ പ്രയാസമില്ലാതെ നടക്കാം. കണ്ണൂർ, കാസർകോട് ജില്ലകൾക്കായി കണ്ണൂരിൽ മാത്രമാണ് ഇത്തരമൊരു യൂണിറ്റ് പ്രവർത്തിക്കുന്നത്.

നട്ടെല്ലിന് ബലക്കുറവ് ഉള്ളവർക്കുള്ള സ്പെനൽ ജാക്കറ്റ്, നടുവിന് വളവുള്ളവർക്കുള്ള സഹായ ഉപകരണങ്ങൾ, കാൽ പാദത്തിന് വളവ് ഉള്ളവർക്കുള്ള ചെരുപ്പുകൾ, കഴുത്തിനുള്ള കോളറുകൾ, മൈക്രോ സെല്ലുലാർ റബ്ബറുകൾ കൊണ്ട് നിർമ്മിക്കുന്ന ചെരുപ്പുകൾ, കൃത്രിമ കൈകൾ എന്നിവയും ഇവിടെയുണ്ട്.

ആവശ്യക്കാർ ജില്ലാ ആശുപത്രിയിലെ യൂണിറ്റിൽ എത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് മോഡലുകൾ നിർമ്മിച്ച് ഘടിപ്പിച്ച് പരിശോധിക്കും. ആധുനിക കാലുകൾക്ക് ആവശ്യക്കാർ എത്തിയാൽ രണ്ടാഴ്ചയ്ക്കകം നൽകും. കൃത്രിമ അവയവ നിർമ്മാണ യൂനിറ്റ് മേധാവി ഡോ. മായ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒൻപത് ജീവനക്കാരാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53349/new-paths-were-opened-and-new-speed-was-given-artificial-organ-manufacturing-unit)