---
title: "അഴീക്കോടിനെ അടുത്തറിയാം, 'വിദ്യാലയ ചരിത്രസ്മൃതി'യിലൂടെ"
english_title: "Azheekod can be known closely through 'Vidyalaya Charisthasmriti'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53354/azheekod-can-be-known-closely-through-vidyalaya-charisthasmriti"
published_at: "2022-07-06T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c588d75fa09_vidyalaya_charithra_srithi_azheekode.jpg"
keywords: []
---

# അഴീക്കോടിനെ അടുത്തറിയാം, 'വിദ്യാലയ ചരിത്രസ്മൃതി'യിലൂടെ

> **Lead Summary:** **അഴീക്കോട്** : കടൽക്കരയിലെ പാണ്ടികശാല, കുടിപ്പള്ളിക്കൂടം, എഴുത്തുപള്ളിക്കൂടം... എന്നിങ്ങനെ എളിയതായിരുന്നു പല തുടക്കങ്ങളും. പിന്നീട് വളർന്നും തളർന്നും ഒടുവിൽ കുതിപ്പിലൂടെ മികവിന്റെ കേന്ദ്രങ്ങളായി. ഇതാണ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ രത്‌നചുരുക്കം. തലമുറകൾ പറഞ്ഞുകേട്ട കാര്യങ്ങൾ ഇനി പുതുതലമുറ വായിച്ചറിയും. പഞ്ചായത്തിലെ 16 പൊതുവിദ്യാലയങ്ങളുടെ ചരിത്രം 'വിദ്യാലയ ചരിത്ര സ്മൃതി' എന്ന പേരിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പുസ്തക രൂപത്തിൽ പുറത്തിറക്കി. ഓരോ സ്‌കൂളിന്റെയും ചരിത്രം നാടിന്റെ ചരിത്രം കൂടിയാവുകയാണ് ഈ വിദ്യാലയ ചരിത്രരചനയിലൂടെ.

## Article Content

**അഴീക്കോട്** : കടൽക്കരയിലെ പാണ്ടികശാല, കുടിപ്പള്ളിക്കൂടം, എഴുത്തുപള്ളിക്കൂടം... എന്നിങ്ങനെ എളിയതായിരുന്നു പല തുടക്കങ്ങളും. പിന്നീട് വളർന്നും തളർന്നും ഒടുവിൽ കുതിപ്പിലൂടെ മികവിന്റെ കേന്ദ്രങ്ങളായി. ഇതാണ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ രത്‌നചുരുക്കം. തലമുറകൾ പറഞ്ഞുകേട്ട കാര്യങ്ങൾ ഇനി പുതുതലമുറ വായിച്ചറിയും. പഞ്ചായത്തിലെ 16 പൊതുവിദ്യാലയങ്ങളുടെ ചരിത്രം 'വിദ്യാലയ ചരിത്ര സ്മൃതി' എന്ന പേരിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പുസ്തക രൂപത്തിൽ പുറത്തിറക്കി. ഓരോ സ്‌കൂളിന്റെയും ചരിത്രം നാടിന്റെ ചരിത്രം കൂടിയാവുകയാണ് ഈ വിദ്യാലയ ചരിത്രരചനയിലൂടെ.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് സ്‌കൂളുകളുടെ ചരിത്രം ചേർത്തുവെച്ച് പുസ്തകം തയ്യാറാക്കുന്നത്. സ്‌കൂളുകളുടെ ചരിത്രം മാത്രമല്ല, അഴീക്കോടിന്റെ സാമൂഹിക സാംസ്‌കാരിക വികാസവും ഇതിലൂടെ വായിച്ചറിയാം. ഓലപ്പുരയിൽ തുടങ്ങി ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളായി വളർന്ന വിദ്യാലയങ്ങൾ ഇവിടെയുണ്ട്. അഴീക്കോട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രം സമഗ്രമായി പഠിക്കുന്നതിന്റെ തുടക്കമാണ് ഈ പുസ്തകം. ഓരോ സ്‌കൂളിനെ കുറിച്ചും അധ്യാപകർ തയ്യാറാക്കിയ ലഘു വിവരണവും ഇതിലുണ്ട്.

മൂന്ന് ഹയർ സെക്കണ്ടറി, നാല് യുപി, ഒമ്പത് എൽപി എന്നിവ അടങ്ങുന്നതാണ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ ശൃംഖല. 1850ൽ മുണ്ടച്ചാലി കേളൻ ഗുരുക്കൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മീൻകുന്ന് ഗവ. ഹയർസെക്കന്ററി സ്‌കൂൾ. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയവും ഇതാണ്. വിവിധ മേഖലകളിൽ പ്രമുഖരായ ഡോ. സുകുമാർ അഴീക്കോട്, ടി വി അനന്തൻ, എം ടി കുമാരൻ, എ കെ നായർ, പി ഗോപാലൻ, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ തുടങ്ങി നിരവധിപേർ അഴീക്കോട് ഗ്രാമത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ്. ഇവിടുത്തെ നാല് വിദ്യാലയങ്ങൾ 19-ാം നൂറ്റാണ്ടിലും 12 എണ്ണം 20-ാം നൂറ്റാണ്ടിലുമാണ് തുടങ്ങിയത്.

അഴീക്കോട് ഗവ. ഹയർസെക്കണ്ടറി, അക്ലിയത്ത് എൽ പി, അഴീക്കോട് നോർത്ത് യുപി, അഴീക്കോട് സെൻട്രൽ എൽപി, മൂന്നുനിരത്ത് രാമജയം യുപി, അഴീക്കോട് ഗവ. മാപ്പിള എൽപി, അഴീക്കോട് ഗവ. ഫിഷറീസ് എൽപി, അഴീക്കോട് കിഫായത്തുൽ ഇസ്ലാം മദ്രസ, അഴീക്കോട് പൂതപ്പാറ സൗത്ത് യുപി, അഴീക്കോട് വെസ്റ്റ് എൽപി, ഗവ. മാപ്പിള എൽ പി, ഹിദായത്തുൽ ഇസ്ലാം മദ്രസ എൽപി, അഴീക്കോട് വൻകുളത്ത്വയൽ ഹയർ സെക്കണ്ടറി, അഴീക്കോട് ഈസ്റ്റ് എൽപി, അഴീക്കൽ ജി ആർ എഫ് ടി വി എച്ച്, കപ്പക്കടവ് ജമാഅത്ത് എൽപി എന്നിവയുടെ ചരിത്രമാണ് പുസ്തകത്തിൽ ഉള്ളത്.

അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സെക്രട്ടറി കെ കെ രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി കെ സുധാകരൻ ചീഫ് എഡിറ്ററായാണ് പുസ്തകം തയ്യാറാക്കിയത്. കെ പി ഷഫീന, രാജീവൻ പാറയിൽ, വർഗീസ് കളത്തിൽ, പി ധർമ്മൻ, പി എ കുഞ്ഞംസു, എ അബ്ദുശുക്കൂർ, എം എം ഷംല, ടി മുഹമ്മദ് അഷറഫ്, സി അനീഷ് ബാബു എന്നിവരാണ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53354/azheekod-can-be-known-closely-through-vidyalaya-charisthasmriti)