---
title: "തലയില്ലാത്ത മൃതദേഹം തിരിച്ചറിഞ്ഞതായി സൂചന; ഔദ്യോഗിക സ്ഥിരീകരണത്തിന് ബന്ധുക്കളെത്തണം"
english_title: "A headless body has been identified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53643/a-headless-body-has-been-identified"
published_at: "2022-07-08T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7c2ba57210_IMG-20220708-WA0051.jpg"
keywords: []
---

# തലയില്ലാത്ത മൃതദേഹം തിരിച്ചറിഞ്ഞതായി സൂചന; ഔദ്യോഗിക സ്ഥിരീകരണത്തിന് ബന്ധുക്കളെത്തണം

> **Lead Summary:**  മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി സൂചന. വർഷങ്ങൾക്ക് മുൻപ് പാലക്കാട് ഭാഗത്ത് നിന്നും കേണിച്ചിറ വന്ന് താമസമാക്കിയ സുലൈമാനാണ് മരിച്ചതെന്നാണ് വ്യക്തമായത്.

## Article Content

 മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി സൂചന. വർഷങ്ങൾക്ക് മുൻപ് പാലക്കാട് ഭാഗത്ത് നിന്നും കേണിച്ചിറ വന്ന് താമസമാക്കിയ സുലൈമാനാണ് മരിച്ചതെന്നാണ് വ്യക്തമായത്.

ബന്ധുക്കളെ ഉപേക്ഷിച്ച് വന്ന ഇയാൾ കേണിച്ചിറയിലെ ഒരു വീട്ടിൽ ജോലിക്കാരനായി തുടരുകയായിരുന്നു. കാലിന് വെരിക്കോസ് വെയിനും മറ്റും വന്നതിനാൽ മുറിവിൽ ബാൻഡേജുമിട്ടായിരുന്നു നടന്നിരുന്നത്. ശാരീരിക അവശതയെ തുടർന്ന് ഇദ്ദേഹം ജൂൺ 28 ന് മാനന്തവാടി ഭാഗത്തേക്ക് വന്നതായാണ് പോലീസിന് ലഭിച്ച വിവരം.

തുടർന്ന് 29 ന് ബസ് സ്റ്റാന്റ് പരിസരത്തെ സി സി ടിവിയിൽ ഇദ്ദേഹം നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും, സാധന സാമഗ്രികളും തന്നെയാണ് സി സി ടി വി ദൃശ്യത്തിലും വ്യക്തമായിരുന്നത്.ഈ ദൃശ്യത്തിന്റെ സഹായത്തോടെയാണ് സുലൈമാനെ പോലീസ് തിരിച്ചറിഞ്ഞത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നാട് വിട്ടു വന്ന ഇയ്യാളുടെ ബന്ധുക്കളെ കണ്ടെത്തുകയും, ശേഷം ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.

ഇതിനിടയിൽ മരണകാരണം ഉറപ്പിക്കുന്നതിനായി മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പാലത്തിൽ ഇയ്യാൾ തൂങ്ങി മരിക്കുകയും കഴുത്തറ്റ് താഴെ വീണു എന്നാണ് പോലീസ് നിഗമനം. ഇതിന് ഉപോത്ബലകമായ തെളിവുകളും പോലീസ് അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.

ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കുന്നതിനായാണ് പോലീസ് സർജനടങ്ങുന്ന സംഘത്തെ കൊണ്ട് പോസ്റ്റുമോർട്ടം ചെയ്യുന്നത്.മാനന്തവാടി സി ഐ എം.എം അബ്ദുൾ കരീമും സംഘവും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിൽ മരിച്ചയാളെ തിരിച്ചറിയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53643/a-headless-body-has-been-identified)