---
title: "വേദനയോടെ ശില്പി 'അമ്മയും കുഞ്ഞും' കാണാൻ കാനായി പയ്യാമ്പലത്ത് എത്തി"
english_title: "Kanai reached Payyambalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53657/kanai-reached-payyambalam"
published_at: "2022-07-08T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7cd5721d5d_PicsArt_07-08-11.52.22.jpg"
keywords: []
---

# വേദനയോടെ ശില്പി 'അമ്മയും കുഞ്ഞും' കാണാൻ കാനായി പയ്യാമ്പലത്ത് എത്തി

> **Lead Summary:**  **കണ്ണൂർ: **പയ്യാമ്പലം പാർക്കിലെ കാനായിയുടെ ശില്പങ്ങളോട്‌ കടുത്ത അവഗണനയെന്ന പരാതി നിലനിൽക്കെ അദ്ദേഹം വർഷങ്ങൾക്ക്‌ മുൻപ്‌ പാർക്കിൽ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ മൺശില്പം കാണാൻ കാനായി കുഞ്ഞിരാമനെത്തി. ഭാര്യ നളിനിക്കൊപ്പമാണ് പയ്യാമ്പലത്തെത്തിയത്. കാടുമൂടി നശിച്ചുകിടക്കുന്ന അമ്മയും കുഞ്ഞും ശില്പം കാനായി വേദനയോടെ നോക്കി. ചെരിഞ്ഞുകിടന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഈ വലിയ മൺശില്പം ഏറെ വ്യത്യസ്തവും ആകർഷകവുമായിരുന്നു.

## Article Content

 **കണ്ണൂർ: **പയ്യാമ്പലം പാർക്കിലെ കാനായിയുടെ ശില്പങ്ങളോട്‌ കടുത്ത അവഗണനയെന്ന പരാതി നിലനിൽക്കെ അദ്ദേഹം വർഷങ്ങൾക്ക്‌ മുൻപ്‌ പാർക്കിൽ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ മൺശില്പം കാണാൻ കാനായി കുഞ്ഞിരാമനെത്തി. ഭാര്യ നളിനിക്കൊപ്പമാണ് പയ്യാമ്പലത്തെത്തിയത്. കാടുമൂടി നശിച്ചുകിടക്കുന്ന അമ്മയും കുഞ്ഞും ശില്പം കാനായി വേദനയോടെ നോക്കി. ചെരിഞ്ഞുകിടന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഈ വലിയ മൺശില്പം ഏറെ വ്യത്യസ്തവും ആകർഷകവുമായിരുന്നു.

ശില്പത്തെ പൊതിഞ്ഞ് പുൽത്തകിടിയോടുകൂടി വേറിട്ടരീതിയിലുള്ള ശില്പമായിരുന്നു ഇത്. ശില്പമാണെന്ന് തിരിച്ചറിയാൻ പറ്റാത്ത ‘വിശ്രമിക്കുന്ന കമിതാക്കൾ’, ‘അമ്മ’ എന്നീ ശില്പങ്ങളും കാനായി പയ്യാമ്പലത്ത് നിർമിച്ചിട്ടുണ്ട്. ഇവയും നാശത്തിന്റെ വക്കിലാണ്. ‘കമിതാക്കൾ ശില്പങ്ങളിൽ’ ഒന്നിന്റെ കൈ ഇല്ലാത്ത നിലയിലാണ്. ഇവയുടെ കാഴ്ചമറയ്ക്കുന്ന നിർമിതികളും പാർക്കിൽ ഉയർന്നിട്ടുണ്ട്. പാർക്കും ശില്പങ്ങളും നടന്നുകണ്ട കാനായി ഇത് കലയോട് ചെയ്യുന്ന പൊറുക്കാനാകാത്ത അനീതിയാണെന്നും ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു. എന്റെ നാടിനും നാട്ടുകാർക്കുമായാണ് ഇവയുണ്ടാക്കിയത്.

കലാകാരന്മാരെ അവഗണിക്കുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. ഇത് മാറണം. പാർക്കിൽ ശില്പങ്ങൾ കാണാൽ പറ്റാത്ത വിധം നിർമിച്ച നിരീക്ഷണടവറും മറ്റും പൊളിച്ചുമാറ്റണം. അധികൃതർ ആവശ്യപ്പെട്ടാൽ ശില്പങ്ങൾ നന്നാക്കും-അദ്ദേഹം പറഞ്ഞു. മുൻപ് ശില്പങ്ങൾ നശിച്ചതിൽ പ്രതിഷേധിച്ച് ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ പയ്യാമ്പലത്ത് വായമൂടിക്കെട്ടി സമരം നടത്തുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. 22 വർഷം മുൻപാണ് കാനായി ഇവിടെ പാർക്ക് രൂപകല്പന ചെയ്ത്‌ ശില്പങ്ങൾ സ്ഥാപിച്ചത്‌. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ നിർദേശപ്രകാരമായിരുന്നു ഇത്. കേരള ലളിതകലാ അക്കാദമി അംഗം ഉണ്ണി കാനായി, ചിത്രകലാ പരിഷത്ത് സെക്രട്ടറി വിനോദ് പയ്യന്നൂർ, എഴുത്തുകാരൻ വി.എസ്. അനിൽകുമാർ, ഹരീന്ദ്രൻ ചാലാട്, വത്സൻ കൂർമ കൊല്ലേരി, ശശികുമാർ കതിരൂർ, എ.ടി. മോഹൻരാജ്, സുകുമാരൻ പെരിയച്ചൂർ, തങ്കരാജ് കൊഴുമ്മൽ, ചിത്രൻ കുഞ്ഞിമംഗലം, ശിവകൃഷ്ണൻ, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കാനായിയും സംഘവും കളക്ടറേറ്റിലെത്തി കളക്ടർ എസ്. ചന്ദ്രശേഖറുമായി സംസാരിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53657/kanai-reached-payyambalam)