---
title: "ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലും സൂര്യകാന്തി പാടം ഒരുക്കാം"
english_title: "Not only in other states but also in Kerala, sunflower fields can be set up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53664/not-only-in-other-states-but-also-in-kerala-sunflower-fields-can-be-set-up"
published_at: "2022-07-08T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d1ce841ef_Picsart_22-07-08_12-11-54-156.jpg"
keywords: []
---

# ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലും സൂര്യകാന്തി പാടം ഒരുക്കാം

> **Lead Summary:** കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലും സൂര്യകാന്തി പാടം ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ മാണിയത്തു ശ്രീനിവാസൻ . മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപത്തെ തോട്ടത്തിലാണ് ആയിരത്തോളം സൂര്യകാന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.

## Article Content

കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലും സൂര്യകാന്തി പാടം ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ മാണിയത്തു ശ്രീനിവാസൻ . മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപത്തെ തോട്ടത്തിലാണ് ആയിരത്തോളം സൂര്യകാന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.

തമിഴ്നാട് കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ സുലഭമായും കേരളത്തിൽ അപൂർവമായും കാണപ്പെടുന്ന സൂര്യകാന്തി കൃഷിയാണ് കൂത്തുപറമ്പ് മാങ്ങാട്ടിടത്തും സുലഭമായിട്ടുള്ളത്. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ സഹായത്തോടെയാണ് ശ്രീനിവാസൻ സൂര്യകാന്തി കൃഷി ഇറക്കിയത്.

കൃഷിവ്യാപിപ്പിക്കുന്നതിനായി പരീക്ഷണ അടിസ്ഥാനത്തിൽ നട്ടുപിടിപ്പിച്ച ആയിരത്തോളം സൂര്യകാന്തി ചെടികളിലാണ് നൂറുമേനി വിജയം കൊയ്തത്.1500ളം തൈകൾ നട്ടതിൽ ആയിരത്തോളം തൈകളിലാണ് ഇപ്പോൾ പൂക്കൾ വിരിഞ്ഞിരിക്കുന്നത്. വിത്തിടലിനു ശേഷം 45 ദിവസം കഴിഞ്ഞാണ് പൂക്കൾ വിരിഞ്ഞതെന്ന് കർഷകനായ ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ കനത്തമഴ പ്രതികൂലമായതിനാൽ നിരവധി പൂക്കൾ ഇപ്പോൾ നശിച്ചിട്ടുണ്ട്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ്ണ സഹകരണത്തോടെയും സഹായത്തോടെയും ആണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്.മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഷീന അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ എ സൗമ്യ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് എ ആർ സന്തോഷ് കുമാർ,എം വിപി ൻ തുടങ്ങിയവർ പങ്കെടുത്തു.ഇത്തരം പരീക്ഷണങ്ങളിലൂടെ അന്യസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലും സൂര്യകാന്തി പൂക്കൾ വിരിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കർഷകൻ. കൃഷിയോടൊപ്പം സിനിമ മേഖലയിലും അഭിനയത്തിലൂടെ ശ്രീനിവാസൻ തന്റെ കയ്യൊപ്പ് പതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53664/not-only-in-other-states-but-also-in-kerala-sunflower-fields-can-be-set-up)