---
title: "കൊവിഡ് കാലത്ത് വിശ്രമത്തിലായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പാളങ്ങളില്‍ പൂര്‍ണമായി തിരിച്ചെത്തി തുടങ്ങി"
english_title: "The passenger trains which were on hiatus during the Kovid period have started to come back on the tracks completely"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53743/the-passenger-trains-which-were-on-hiatus-during-the-kovid-period-have-started-to-come-back-on-the-tracks-completely"
published_at: "2022-07-08T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c813393adfc_images_(17).jpeg"
keywords: []
---

# കൊവിഡ് കാലത്ത് വിശ്രമത്തിലായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പാളങ്ങളില്‍ പൂര്‍ണമായി തിരിച്ചെത്തി തുടങ്ങി

> **Lead Summary:** **ഒറ്റപ്പാലം**: കൊവിഡ് കാലത്ത് വിശ്രമത്തിലായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പാളങ്ങളില്‍ പൂര്‍ണമായി തിരിച്ചെത്തി തുടങ്ങി.

## Article Content

**ഒറ്റപ്പാലം**: കൊവിഡ് കാലത്ത് വിശ്രമത്തിലായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പാളങ്ങളില്‍ പൂര്‍ണമായി തിരിച്ചെത്തി തുടങ്ങി.

രണ്ടുവര്‍ഷത്തോളമായി നിറുത്തിവെച്ച പാസഞ്ചറുകള്‍ തിങ്കളാഴ്ച മുതല്‍ ഓടി തുടങ്ങിയതോടെ ഷൊര്‍ണൂര്‍- കോഴിക്കോട്- കണ്ണൂര്‍ മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വസമായി. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്നു തൃശൂര്‍- കണ്ണൂര്‍ എക്‌സ്‌പ്രസ് (16609) ട്രെയിന്‍ കൊവിഡ് രൂക്ഷമായതോടെ 2020 മാര്‍ച്ച്‌ 22-നാണ് നിറുത്തിയത്. ഈ വണ്ടി പുന:സ്ഥാപിക്കുന്നതോടെ രാവിലെയും വൈകീട്ടും ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്ബി മേഖലയില്‍ നിന്നും കോഴിക്കോട്ടേക്ക് ജോലി ആവശ്യത്തിനും ചികിത്സയ്ക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് ആശ്രയമാവും.

ഷൊര്‍ണൂരില്‍ നിന്നും രാവിലെ 7.30ന് ട്രെയിന്‍ എടുക്കും. കാരക്കാട് 7.38നും, പട്ടാമ്ബിയില്‍ 7.45നും, പള്ളിപ്പുറത്ത് 7.54നും ട്രെയിന്‍ എത്തും. ഒരു മിനുട്ട് സമയമാണ് നിറുത്തുക. വൈകീട്ട് കണ്ണൂരില്‍ നിന്നും 3.10ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 7.18ന് എത്തും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പള്ളിപ്പുറത്ത് 6.57നും, പട്ടാമ്ബിയില്‍ 7.03നും, കാരക്കാട് സ്റ്റേഷനില്‍ 7.18നും എത്തിച്ചേരും.

കോഴിക്കോട്ടേക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സി പോലുമില്ലാത്തതിനാല്‍ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്ബി മേഖലയിലെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരുന്നു. യൂണിവേഴ്സിറ്റിയിലും കോഴിക്കോടും തിരൂരും മറ്റും പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും ആ ഭാഗങ്ങളിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും വ്യാപാരികളും, നാട്ടുകാരും തൃശൂര്‍- കണ്ണൂര്‍ പാസഞ്ചറിനെയാണ് ആശ്രയിച്ചിരുന്നത്.

ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്ബി മേഖലയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒരു കെ.എസ്.ആര്‍.ടി.സി സര്‍വീസു പോലുമില്ല. മാത്രമല്ല കുറ്റിപ്പുറമോ, തിരൂരോ എത്താന്‍ ട്രെയിന്‍ എടുക്കന്നതിന്റെ രണ്ടരയിരട്ടി സമയം ബസിനു വേണ്ടിവരും. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെ ഇതിനൊക്കെ പരിഹാരം കാണാനാവും. എറണാകുളം- കണ്ണൂര്‍, കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസുകള്‍ക്ക് പട്ടാമ്ബിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നതും ഈ റൂട്ടിലെ യാത്രക്കാരുടെ പ്രധാന ആവശ്യമാണ്. ഷൊര്‍ണൂര്‍- നിലമ്ബൂര്‍, ഷൊര്‍ണൂര്‍- പാലക്കാട്, ഷൊര്‍ണൂര്‍- എറണാകുളം റൂട്ടിലും മെമു അടക്കം പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയത് റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53743/the-passenger-trains-which-were-on-hiatus-during-the-kovid-period-have-started-to-come-back-on-the-tracks-completely)