---
title: "കെ.എസ്.ആര്‍.ടി.സി യാര്‍ഡ് ഉദ്ഘാടനം: മന്ത്രിയെ ബഹിഷ്‌കരിച്ച് ജീവനക്കാരുട സംഘടന "
english_title: "Inauguration of KSRTC Yard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53966/inauguration-of-ksrtc-yard"
published_at: "2022-07-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c96554711ee_Picsart_22-07-09_16-53-31-404.jpg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി യാര്‍ഡ് ഉദ്ഘാടനം: മന്ത്രിയെ ബഹിഷ്‌കരിച്ച് ജീവനക്കാരുട സംഘടന 

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപോയില്‍ നവീകരിച്ച യാര്‍ഡ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് ജീവനക്കാരുടെ സംഘടന. കെ.എസ്.ആര്‍.ടി.സി യൂണിയന്‍ ജീവനക്കാര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന പരാമര്‍ശം മന്ത്രിയുടെ നിയമസഭ പരാമര്‍ശത്തിനെതിരേയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപോയില്‍ നവീകരിച്ച യാര്‍ഡ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് ജീവനക്കാരുടെ സംഘടന. കെ.എസ്.ആര്‍.ടി.സി യൂണിയന്‍ ജീവനക്കാര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന പരാമര്‍ശം മന്ത്രിയുടെ നിയമസഭ പരാമര്‍ശത്തിനെതിരേയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.

ടോമിന്‍ തച്ചങ്കരി മുമ്പ് പറഞ്ഞപ്പോള്‍ ഇത് തിരുത്തിക്കൊടുത്തതാണ്. ജോലി ചെയ്താലേ ശമ്പളമുള്ളൂ എന്ന് ഓരോ ജീവനക്കാര്‍ക്കും അറിയാം. പൊതുജനമധ്യത്തിലും മാധ്യമങ്ങള്‍ക്ക് മുന്നിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്നത് നീതീകരിക്കാനാകില്ല.

കെ.എസ്.ആര്‍.ടി.സിയെ മോശമാക്കുന്ന രീതിയില്‍ അസംബ്ലിയില്‍ പറഞ്ഞതിലാണ് പ്രതിഷേധമെന്നും ജീവനക്കാര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യും ഐ.എന്‍.ടി.യു.സിയും രാവിലെ നടന്ന പരിപാടി ബഹിഷ്‌കരിച്ച് മാറിനിന്നു. ഐ.എന്‍.ടി.യു.സി ഡ്രൈവേഴ്‌സ് യൂണിയന്‍ കൂട്ടായ്മയായ ടി.ഡി.എഫും ബഹിഷ്‌കരിച്ചതോടെ പരിപാടിയില്‍ പങ്കാളിത്തം കുറഞ്ഞു.

യൂണിയന്‍ പ്രൊട്ടക്ഷന്‍ വാങ്ങി യൂണിയന്‍ നേതാക്കള്‍ പണിയെടുക്കാതെയാണ് ശമ്പളം വാങ്ങുന്നതെന്ന പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് ടി.ഡി.എഫ് നേതാക്കൾ എ.എന്‍ രാജേഷ് പറഞ്ഞു. ശനിയാഴ്ച രാവിലെ 11നാണ് മന്ത്രി ആന്റണി രാജു ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനെത്തിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് യാര്‍ഡ് നിര്‍മ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53966/inauguration-of-ksrtc-yard)