---
title: "നാലാം കിരീടത്തിൽ മുത്തമിട്ട് ധോണിപ്പട "
english_title: "Ipl 2021 csk champions "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5425/ipl-2021-csk-champions"
published_at: "2021-10-16T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a2fcdef65a_Screenshot_2021-10-16-07-18-02-49_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# നാലാം കിരീടത്തിൽ മുത്തമിട്ട് ധോണിപ്പട 

> **Lead Summary:** ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്ബ്യന്‍മാരായി ഇന്നലെ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് ‌റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഐ.പി.എല്‍ കിരീടത്തില്‍ നാലാം തവണയും മുത്തമിട്ടത്​.

## Article Content

ഐ.പി.എല്‍ പതിന്നാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാമ്ബ്യന്‍മാരായി ഇന്നലെ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് ‌റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഐ.പി.എല്‍ കിരീടത്തില്‍ നാലാം തവണയും മുത്തമിട്ടത്​.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട് ആദ്യമേ പുറത്തായ നാണക്കേടിനുകൂടിയാണ് ഒരുവര്‍ഷത്തിനിപ്പുറം കിരീടത്തില്‍ മുത്തമിട്ട് ധോണിപ്പട

ചെന്നൈ മുന്നോട്ടുവച്ച 193 റണ്‍സിന്‍്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊല്‍ക്കത്തക്കായി ഓപ്പണര്‍മാര്‍ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. 51 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യര്‍ 50 റണ്‍സെടുത്തു. ചെന്നൈക്കായി ശര്‍ദ്ദുല്‍ താക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തി.

91 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടുമായി ഉജ്ജ്വല തുടക്കമാണ് വെങ്കടേഷ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. വ്യക്തിഗത സ്കോര്‍ 0ല്‍ നില്‍ക്കെ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ധോണി അയ്യരെ കൈവിട്ടു. തുടര്‍ന്ന് അയ്യര്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നപ്പോള്‍ ഗില്‍ സെക്കന്‍ഡ് ഫിഡിലിന്റെ റോളിലേക്ക് മാറി. എന്നാല്‍, ഫിഫ്റ്റിക്ക് പിന്നാലെ അയ്യര്‍ വീണു. 11ആം ഓവറില്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 50 റണ്‍സെടുത്ത അയ്യരെ താക്കൂര്‍ ജഡേജയുടെ കൈകളിലെത്തിച്ചു.

പിന്നീട് ഒരു ഘോഷയാത്ര ആയിരുന്നു. അടുത്ത പന്തില്‍ തന്നെ നിതീഷ് റാണ (0) ഗോള്‍ഡന്‍ ഡക്കായി മടങ്ങി. സുനില്‍ നരേന്‍ (2) ഹേസല്‍വുഡിന്റെ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഒതുങ്ങി. ദിനേഷ് കാര്‍ത്തികിനെയും (9) ഷാക്കിബ് അല്‍ ഹസനെയും (0) ജഡേജ തന്റെ അവസാന ഓവറില്‍ മടക്കി. ത്രിപാഠി (2) ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ മൊയീന്‍ അലിയ്ക്ക് പിടികൊടുത്ത് മടങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റണ്‍സാണ് നേടിയത്. 86 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ്പ് സ്കോററായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേന്‍ 2 വിക്കറ്റ് വീഴ്ത്തി. മോര്‍ഗനെ (4) ഹേസല്‍വുഡിന്റെ പന്തില്‍ ദീപക് ചഹാര്‍ പിടികൂടി. അവസാന ഓവറുകളില്‍ ശിവം മവിയും ലോക്കി ഫെര്‍ഗൂസനും ചില കൂറ്റന്‍ ഷോട്ടുകള്‍ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ മവി (20) ദീപക് ചഹാറിനു ക്യാച്ച്‌ സമ്മാനിച്ച്‌ മടങ്ങി. ലോക്കി ഫെര്‍ഗൂസന്‍ (18) പുറത്താവാതെ നിന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5425/ipl-2021-csk-champions)